തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി നിർദ്ദേശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നികുതി വർധനവിനെതിരെ സമരം നയിക്കുന്ന പ്രതിപക്ഷത്തെ കടന്നാക്രമിച്ചാണ് മുഖ്യമന്ത്രി സർക്കാർ നടപടിയെ ന്യായീകരിച്ചത്. രാജ്യത്ത് ഇന്ധന വില തരാതരം പോലെ കൂട്ടാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയവരാണ് ഇപ്പോൾ പ്രതിഷേധം നടത്തുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
റിലയൻസിന് വേണ്ടി രണ്ടാം യുപിഎ ഭരണ കാലത്തു മന്ത്രിമാരെ വരെ മാറ്റിയ പാർട്ടി ആണ് കോൺഗ്രസ്. 2015 ലെ ബജറ്റിൽ യുഡിഎഫ് സർക്കാർ 1 രൂപ അധിക നികുതി ഏർപ്പെടുത്തി. ഇന്നത്തേതിന്റെ പകുതി വില മാത്രമായിരുന്നു അന്ന് ഇന്ധനത്തിനുണ്ടായിരുന്നത്. സെസ് ഏർപെടുത്തേണ്ടി വന്ന സാഹചര്യം സഭയിൽ വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതിന് കുടപിടിക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം. യുഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്ന സമര കോലാഹലങ്ങൾ ജനം മുഖവിലക്ക് എടുക്കില്ല. ബജറ്റ് നിർദ്ദേശങ്ങൾക്ക് മുകളിൽ കൃത്യമായ മറുപടി നിയമസഭയിൽ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ധനസ്ഥിതിയെ സംബന്ധിച്ച് തെറ്റായ കാര്യങ്ങൾ ബജറ്റിന് മുൻപും ഇപ്പോഴും പ്രചരിപ്പിക്കുന്നു. കേരളം കടക്കെണിയിലാണെന്നും സംസ്ഥാനത്ത് ധന ധൂർത്താണെന്നും പ്രതിപക്ഷവും മാധ്യമങ്ങളിൽ ഒരു വിഭാഗവും പ്രചരിപ്പിക്കുന്നു. ഇത് തെറ്റാണ്. ഇപ്പോൾ അതിന്റെ ആവേശം കുറഞ്ഞിട്ടുണ്ട് എന്നും മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.