കൊല്ലം: കൊല്ലം ജില്ലയിലെ പുത്തൂരില്‍ സ്വയം ചിതയൊരുക്കി ഗൃഹനാഥന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാര്‍ (68)ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിജയകുമാര്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യം തനിക്കില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ വിജയകുമാര്‍ എഴുതിയിട്ടുണ്ടെന്നാണ് വിവരം.
ഇന്നലെ രാത്രി 12 മണിയ്ക്കുശേഷമാണ് സംഭവം. സഹോദരിയുടെ വീടിനോട് ചേര്‍ന്നുള്ള കുടുംബവീട്ടിലാണ് വിജയകുമാര്‍ താമസിച്ചിരുന്നത്. ഈ വീട്ടുമുറ്റത്ത് ചിതയൊരുക്കി തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് വീട്ടുകാര്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ വിജയകുമാര്‍ നീണ്ടനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ക്ക് ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ചില സാമ്പത്തിക ബാധ്യതകളും വിജയകുമാറിനുണ്ടായിരുന്നുവെന്നാണ് സൂചന.