കൊച്ചി: കാമുകന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനുള്ള പണത്തിനായി വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വര്‍ണമാലയും കമ്മലും കവര്‍ന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി പിടിയില്‍. മൂവാറ്റുപുഴ സൗത്ത് പായിപ്ര കോളനിയ്ക്ക് സമീപം ജ്യോതിസ് വീട്ടില്‍ ജലജയെ (59) ആണ് വിദ്യാര്‍ത്ഥിനി തലയ്ക്കടിച്ച് വീഴ്ത്തിയത്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം.
വീട്ടില്‍ ജലജ ഒറ്റയ്ക്കായിരുന്നു. ഈ സമയം വീട്ടിലെത്തിയ പെണ്‍കുട്ടി ജലജയുടെ തലയ്ക്ക് പിന്നില്‍ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. ഇതിനു പിന്നാലെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് അവിടെനിന്നും രക്ഷപ്പെടുകയും ചെയ്തു.
ഇതിനിടെ, വിദ്യാര്‍ത്ഥിനിയെക്കുറിച്ചുള്ള വിവരങ്ങള്‍ ജലജ നാട്ടുകാരോടു പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് വീട്ടില്‍ എത്തി അന്വേഷിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജലജയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.