കൊച്ചി : ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഭിഭാഷകന്‍ സൈബി ജോസിന് പണം നല്‍കിയ സിനിമാ നിര്‍മ്മാതാവിനെ ചോദ്യം ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം നിര്‍മ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തത്. കേസിലെ ജാമ്യ നടപടികളില്‍ അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന സൈബി നിര്‍മ്മാതാവില്‍ നിന്ന് പണം വാങ്ങിയെന്നാണ് കേസ്. എന്നാല്‍ പണം വാങ്ങിയത് ഫീസിനത്തിലാണെന്നാണ് സൈബിയുടെ വാദം.
അതേസമയം, അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സൈബി ജോസിനെതിരെയുളള ആരോപണം അതീവ ഗുരുതരമാണെന്നും അന്വേഷണം നടക്കട്ടെയെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞു. ജുഡീഷ്യല്‍ സംവിധാനത്തെ തന്നെ ബാധിക്കുന്ന വിഷയമാണിത്. അതുകൊണ്ടുതന്നെ അന്വേഷണം നേരിടണമെന്നും എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി ചോദിച്ചു.