കോഴിക്കോട്: കൊടുവള്ളിയിൽ സ്വർണം ഉരുക്ക് കേന്ദ്രങ്ങളിൽ ഡി.ആർ.ഐ നടത്തിയ റെയ്ഡിൽ വൻ സ്വർണവേട്ട. ഏഴ് കിലോ സ്വർണവും പന്ത്രണ്ടര ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസിയും പിടികൂടി. ജ്വല്ലറി ഉടമയുൾപ്പെടെ ആറു പേരെ കസ്റ്റഡിയിലെടുത്തു.
കള്ളകടത്തിലൂടെ എത്തുന്ന സ്വര്‍ണം ഉരുക്കി വേര്‍തിരിക്കുന്ന കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. കള്ളക്കടത്ത് സ്വര്‍ണം ഉരുക്കി നല്കുന്ന കേന്ദ്രത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അടിവസ്ത്രത്തിലും ചെരിപ്പുകളിലും സ്വര്‍ണം ഒളിപ്പിച്ച് കൊണ്ടുവന്നതിന്റെ തെളിവുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തു.
പിടികൂടിയ സ്വര്‍ണ്ണത്തിന് 4.11 കോടി രൂപ വിലവരുമെന്ന് ഡി.ആര്.ഐ. അറിയിച്ചു. കൊച്ചിയില്‍ നിന്നുള്ള ഡി.ആര്.ഐ. സംഘമാണ് തിരച്ചില്‍ നടത്തിയത്. വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണം വേര്‍തിരിച്ചിരുന്നത് ഇവിടെയാണെന്നാണ് കരുതപ്പെടുന്നത്.
ജ്വല്ലറി ഉടമ മുഹമ്മദ്, ജാഫര്‍, മലപ്പുറം സ്വദേശികളായ റഷീദ്, റഫീഖ്എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്ന് ഡി.ആര്.ഐ. അറിയിച്ചു.