തിരുവനന്തപുരം: ഒൻപതുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായർ(66)ക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നു ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നു. പിഴ തുക കുട്ടിക്കു നൽക്കണം.
2014 ജനുവരി രണ്ടിനു പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അപ്പുപ്പനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി. അപ്പുപ്പനും അമ്മുമ്മയ്ക്കുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. അടുത്തുള്ള പ്രതിയുടെ വീട്ടിൽ കുട്ടിയെ നിർത്തിയിട്ടാണ് പ്രതി നാട്ടുകാർക്കൊപ്പം അപ്പുപ്പനെ ആശുപത്രിയിൽ കൊണ്ടുപോയത്. കുട്ടി പ്രതിയുടെ ഭാര്യയുടെ കൂടെ കട്ടിലിൽ കിടന്നുറങ്ങവെ ആശുപത്രിയിൽനിന്നു തിരിച്ചെത്തിയ പ്രതി കൂടെക്കയറിക്കിടന്ന് പീഡിപ്പിക്കുകയായിരുന്നു..
ഒമ്പതാം ക്ലാസ്സിൽ പഠിത്തത്തിൽ പിന്നോട്ടു പോയപ്പോൾ അധ്യാപകർ നൽകിയ കൗൺസിലിങ്ങിലാണ് സംഭവം പുറത്തറിയുന്നത്.