കൊല്ലം: ആഡംബര ഹോട്ടലിൽ ഒന്നേമുക്കാൽ വർഷം താമസിച്ചുവെന്ന യൂത്ത് കോൺഗ്രസിന്റെ ആരോപണത്തിൽ മറുപടിയുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. കോവിഡ് സമയത്ത് അമ്മയ്ക്ക് സ്‌ട്രോക്ക് ഉണ്ടായെന്നും ആ സമയം വീട്ടിൽ ശുചിമുറിയുള്ള റൂം ഇല്ലായിരുന്നുവെന്നും അത് നിർമിക്കാനായാണ് വീട്ടിൽ നിന്നും മാറി താമസിക്കേണ്ടിവന്നതെന്നും ചിന്താ പറഞ്ഞു.
തിരുവനന്തപുരത്തായിരുന്നു ചികിത്സ. ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ ആയുർവേദ ചികിത്സ ആവശ്യമായിരുന്നു. വാടകയായി പറഞ്ഞത് ഇരുപതിനായിരം രൂപയാണ്. അമ്മയ്ക്കും അച്ഛനും പെൻഷനുണ്ട്. ഹോട്ടൽ ഉടമയാണ് ഇരുപതിനായിരം രൂപ വാടകയായി നിശ്ചയിച്ചതെന്നും ചിന്താ ജെറോം വിശദീകരിച്ചു. അമ്മയുടെ ചികിത്സയ്ക്കാണ് പ്രാധാന്യം നൽകിയതെന്നും തന്റെ സ്വകര്യ വിവരങ്ങൾ പുറത്തു പറയുന്നതിൽ ദുഃഖമുണ്ടെന്നും ചിന്ത കൂട്ടിച്ചേർത്തു.
ദിവസവും എനിക്കുനേരെ ഇത്തരത്തില്‍ ആരോപണങ്ങളുമായി വന്നുകൊണ്ടിരിക്കുകയാണ്. പിഎച്ച്ഡിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വസ്തുതാപരമായ പിശക് വന്നിട്ടുണ്ടെന്ന് ഞാന്‍ സമ്മതിച്ചതാണ്. നിങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോഴാണ് അത് അറിയുന്നതും. മറ്റുള്ളതെല്ലാം ഊഹാപോഹങ്ങളാണെന്നും ചിന്ത വ്യക്തമാക്കി. താമസിച്ചിരുന്ന കൊല്ലത്തെ റിസോര്‍ട്ടിന് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്‌നങ്ങളുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപാർട്മെൻ്റിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്മെന്റിന്റെ വാടകയെന്നും ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകേണ്ടി വന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാന്പത്തിക ശ്രോതസ് തുടങ്ങിയ കാര്യങ്ങൾ അന്വഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിലും പരാതി നൽകിയിട്ടുണ്ട്.