തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യവകുപ്പ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ ബോര്‍ഡിനു രൂപം നല്‍കിയത്. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായും ആശയ വിനിമയം നടത്തും.
അതേസമയം, ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ മഞ്ജു തമ്പി പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. അതിനിടെ, ഇന്ന് രാവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് സന്ദര്‍ശനമെന്നും ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മന്‍ ചാണ്ടിയുടെ കാര്യങ്ങള്‍ നോക്കുന്നതെന്നും ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂമോണിയയെ തുടര്‍ന്നു ഇന്നലെ വൈകിട്ടാണ് ഉമ്മന്‍ ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. നിംസ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഉമ്മന്‍ ചാണ്ടിയെ വീണ്ടും ബാംഗ്ലൂരുവിലേക്ക് തുടര്‍ ചികിത്സക്ക് കൊണ്ട് പോകാന്‍ ആണ് നീക്കം.