ന്യൂ ഡല്‍ഹി: അദാനി വിവാദത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യാണമെന്ന് ആവശ്യപ്പെട്ടുള്ള അടിന്തര പ്രമേയ നോട്ടീസുകള്‍ ഇരുസഭകളും തള്ളിയതോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. ഇതോടെ ഇരുസഭകളും രണ്ടുമണിവരെ നിറുത്തിവെച്ചെങ്കിലും പിന്നീടും പ്രതിഷേധം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
അതേസമയം, മമതയും അദാനിയും മോദിയും തമ്മില്‍ നല്ല ബന്ധമാണെന്നും അതുകൊണ്ടാണ് അദാനിക്കെതിരെ മമത മൗനം പാലിക്കുന്നതെന്നും ലോക് സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. അദാനിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തിലും കോണ്‍ഗ്രസും ടിഎംസിയും രണ്ട് തട്ടിലായിരുന്നു. ജപിസി അന്വേഷണം കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍, സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചത്.