ന്യൂ ഡല്‍ഹി: വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി. നിയമനത്തിനെതിരെയുള്ള ഹര്‍ജി കോടതി തള്ളി. രാഷ്ട്രീയ ചായ്വുള്ളവരെ മുന്‍പും നിയമിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ നടന്നതിന് മുന്‍പാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി ആര്‍ ഗവായി എന്നിവര്‍ അതിവേഗ വാദം കേട്ടത്.
കൊളീജിയത്തിന്റെ തീരുമാനം പുനഃപരിശോധിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും തീരുമാനം റദ്ദാക്കാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു. ഗൗരിയുടെ ജഡ്ജി നിയമനം റദ്ദാക്കി ഉത്തരവ് ഇറക്കാന്‍ കഴിയില്ല. പുനഃപരിശോധിക്കാന്‍ കൊളീജിയത്തോട് ആവശ്യപ്പെടുന്നത് അസാധാരണമാണ്. ജഡ്ജിയാകാന്‍ അനുയോജ്യയാണോയെന്ന് കോടതിയ്ക്ക് പറയാനാകില്ല, യോഗ്യത പരിശോധിക്കാന്‍ മാത്രമേ കോടതിക്കാകൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം, അഭിഭാഷക എല്‍സി വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ആക്ടിങ് ചീഫ് ജസ്റ്റിസ് ടി രാജയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. വിക്ടോറിയ ഗൗരിക്ക് പുറമെ, പികെ ബാലാജി, കെ കെ രാമകൃഷ്ണന്‍, രാമചന്ദ്രന്‍ കലൈമതി, കെ ഗോവിന്ദരാജന്‍ തിലകവാടി എന്നിവരും മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിമാരായി സത്യവാചകം ചൊല്ലി അധികാരമേറ്റു.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദത്തില്‍ അകപ്പെട്ടിട്ടുള്ള വ്യക്തിയാണ് വിക്ടോറിയ ഗൗരി. മുന്‍ ബിജെപി നേതാവായ ഗൗരിയുടെ നിയമനത്തിന് കേന്ദ്രം അനുമതി നല്‍കിയതോടെ വിവിധ തലങ്ങളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. ഗൗരിയെ ജഡ്ജിയായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിയ്ക്കും അടക്കം പരാതി ലഭിച്ചിരുന്നു.
















