തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിളിച്ച് ആരോഗ്യവിവരം അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻചാണ്ടിയുടെ കുടുംബത്തെയാണ് മുഖ്യമന്ത്രി വിളിച്ച് ആരോഗ്യവിവരം അന്വേഷിച്ചത്. നാളെ ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയക്കാമെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.
പനിയും ചുമയേയും തുടർന്നാണ് ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സക്കായി ഉമ്മൻചാണ്ടി ബംഗളൂരിവിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് പനി വരുന്നത്.
ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ രംഗത്തുവന്നു. പിതാവിന്റെ സുഖ വിവരം വിളിച്ച് അന്വേഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നന്ദിയെന്ന് ചാണ്ടി ഉമ്മൻ ഫേസ് ബുക്കിൽ കുറിച്ചു. നാളെ ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയക്കാമെന്ന് അറിയിച്ചതായും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ അലക്‌സ് വി. ചാണ്ടി രംഗത്തെത്തിയിരുന്നു. എന്നാൽ ചികിത്സയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവും നിഷേധിച്ചിട്ടുണ്ട്.
യാതൊരു വീഴ്ചയും ഇല്ലാത്ത വിധത്തിൽ ഏറ്റവും വിദഗ്ധമായ ചികിത്സയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. താൻ പൂർണസംതൃപ്തനാണ്. പാർട്ടി എല്ലാവിധത്തിലുള്ള സഹായവും ചെയ്തു തന്നിട്ടുണ്ട്. ഇങ്ങനെ ഒരു പ്രസ്താവനയ്ക്ക് ഇടയായ സാഹചര്യം എന്നെ മുറിപ്പെടുത്തലാണ്. ഇത്തരമൊരു സാഹചര്യം എങ്ങനെയാണ് ഉണ്ടായതെന്ന് അന്വേഷിക്കുമെന്നും വിശദവിവരങ്ങൾ അറിയിക്കുമെന്നും നേർത്ത ശബ്ദത്തിൽ ഉമ്മൻ ചാണ്ടി വിഡിയോയിൽ പറഞ്ഞു.