ന്യൂഡൽഹി: ഹജ് നയത്തില്‍ മാറ്റവുമായി കേന്ദ്രം. വിഐപി ക്വോട്ട ഒഴിവാക്കി. ആകെയുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം പത്തില്‍ നിന്ന് 25 ആക്കി. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍, കോഴിക്കോട് എന്നിവയാണ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍. ഹജ് തീർഥാടകർക്ക് അപേക്ഷിക്കുമ്പോൾ രണ്ടു പോയിന്റുകൾ മുൻഗണനാക്രമത്തിൽ നൽകാനും സൗകര്യമുണ്ടാകും. 300 രൂപയുടെ ഹജ് അപേക്ഷാ ഫീസ് ഒഴിവാക്കി.
ഹജ് അപേക്ഷകർക്ക് അടുത്തുള്ള വിമാനത്താവളത്തിൽനിന്നു യാത്രയ്ക്ക് അവസരമൊരുക്കണമെന്ന് നിർദേശം നൽകിയിരുന്നു. സബ്സിഡി നിർത്തലാക്കിയതോടെ ഹജിന്റെ യാത്രച്ചെലവ് വർധിച്ചു. ഏറ്റവുമടുത്ത വിമാനത്താവളത്തിൽ പുറപ്പെടൽ പോയിന്റ് നൽകുന്നതോടെ നിരക്ക് കുറയ്ക്കാനാകും.
മുതിര്‍ന്ന പൗരന്‍മാര്‍ക്കും അംഗപരിമിതര്‍ക്കും വനിതകള്‍ക്കും പുതിയ നയത്തില്‍ മുന്‍ഗണന നല്‍കുന്നുണ്ട്. 50000 രൂപയോളം കുറവ് ഓരോ തീര്‍ത്ഥാടകനും പുതിയ ഹജ്ജ് നയത്തിലൂടെ ലഭിക്കുമെന്ന് ന്യൂനപക്ഷ മന്ത്രാലയം അവകാശപ്പെടുന്നത്. ബാഗ്, സ്യൂട്ട്‌കെയ്‌സ്, കുട തുടങ്ങിയ വസ്തുകള്‍ക്കായി തീര്‍ത്ഥാടകര്‍ പണം നല്‍കേണ്ടതില്ല. സ്വന്തം നിലക്ക് ഈ വസ്തുക്കള്‍ ഹാജിമാര്‍ക്ക് വാങ്ങാം.
ഇന്ത്യക്കായി അനുവദിച്ചിട്ടുള്ള ഹജ്ജ് ക്വാട്ടയില്‍ 80 ശതമാനം ഹജ്ജ് കമ്മിറ്റിക്ക് കീഴിലും 20 ശതമാനം സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ക്കുമായാണ് വീതിച്ച് നല്‍കിയിട്ടുള്ളത്. നേരത്തെ ഒരു തവണ ഹജ്ജ് ചെയ്തവര്‍ക്ക് ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ വീണ്ടും ഹജ്ജിന് അപേക്ഷ നല്‍കാന്‍ കഴിയില്ല. വിഐപികള്‍ക്കും ഇനി സാധാരണ തീര്‍ത്ഥാടകരായി തന്നെ ഹജ്ജ് നിര്‍വഹിക്കേണ്ടി വരും.