ഭോപ്പാല്‍: മധ്യപ്രദേശില്‍ മന്ത്രവാദത്തിനിരയായി വീണ്ടും ശിശുമരണം. മധ്യപ്രദേശിലെ ഷാഹ്ദോള്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. രോഗം മാറാന്‍ കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. അസുഖം ഭേദപ്പെടാനെന്ന് പറഞ്ഞ് 20 തവണയാണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ചികിത്സക്കായി ആശുപത്രിയില്‍ എത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ഷാഹ്‌ദോള്‍ ജില്ലയില്‍ സമാനമായ സംഭവം നടന്നിരുന്നു. രണ്ടര മാസം പ്രായമുള്ള കുഞ്ഞാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയ്ക്കിരയായത്. ന്യുമോണിയ മാറാന്‍ 51 തവണയാണ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കുഞ്ഞിന്റെ വയറില്‍ കുത്തിയത്. ഇതേ തുടര്‍ന്ന് കുട്ടി മരിച്ചിരുന്നു.
ഈ രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ സ്ഥലത്തെ ആശാവര്‍ക്കറെയും സൂപ്പര്‍വൈസറെയും പിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. പാരമ്പര്യ ചികിത്സകയായ സ്ത്രീയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സിന്‍പൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് എംപി അഹിര്‍വാര്‍ പറഞ്ഞു.