ബാർമെർ: മതവിദ്വേഷം പ്രചരിപ്പിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമായ പ്രസംഗം നടത്തിയതിന് പതഞ്ജലി ഉടമയും യോഗാ ഗുരുവുമായ ബാബാ രാംദേവിനെതിരെ കേസ്. രാജസ്ഥാനിലെ ബാർമെറിൽ കഴിഞ്ഞദിവസം നടത്തിയ വിദ്വേഷ പരാമർശത്തിലാണ് നടപടി.
ഭൂരിപക്ഷ സമുദായത്തിൽപ്പെട്ടവരെ മതംമാറ്റത്തിന് പ്രേരിപ്പിക്കുകയും സ്ത്രീകളെ തട്ടിക്കൊണ്ട് പോവുകയും ചെയ്യുക എന്നതാണ് ന്യൂനപക്ഷങ്ങളുടെ നയമെന്നതടക്കമുള്ള രാംദേവിന്റെ പ്രസ്താവനകൾ വിവാദമായിരുന്നു.
മുസ്ലിംകൾ തീവ്രവാദത്തിലേക്ക് നീങ്ങുകയാണെന്നും ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയാണെന്നുമാണ് രാംദേവ് അധിക്ഷേപിച്ചത്. ഹിന്ദുമതം അതിന്റെ അനുയായികളെ നല്ലത് ചെയ്യാൻ പഠിപ്പിക്കുമ്പോൾ മറ്റു രണ്ട് വിശ്വാസങ്ങളും മതപരിവർത്തനത്തിൽ മുഴുകിയിരിക്കുകയാണെന്ന് രാംദേവ് ആരോപിച്ചു.
രണ്ട് വിഭാഗങ്ങൾ തമ്മിൽ കലഹം സൃഷ്ടിക്കുന്ന പരാമർശങ്ങൾ നടത്തുക, മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഐപിസി 153 എ, 295 എ, 298 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
















