തിരുവനന്തപുരം: ഗായിക വാണി ജയറാമിന്റെ മരണകാരണം തലയ്‌ക്കേറ്റ മുറിവെന്ന് പൊലീസ്. കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ വീണ് മേശയില്‍ തലയിടിക്കുകയായിരുന്നുവെന്നും ഇതാണ് മരണകാരണമെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞദിവസം ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡില്‍ ഉള്ള വീട്ടിലാണ് വാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 78 വയസായിരുന്നു. 2018-ല്‍ ഭര്‍ത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടില്‍ താമസം. ഇന്നലെ രാവിലെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതില്‍ തുറന്നില്ല. ഇതോടെ ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ മരണപ്പെട്ട നിലയിലാണ് വാണിയെ കണ്ടെത്തിയത്. ചെന്നൈ ഡെപ്യൂട്ടി കമ്മിഷണര്‍ ശേഖര്‍ ദേശ്മുഖ് പിന്നീട് വാണി ജയറാമിന്റെ വീട്ടില്‍ നേരിട്ടെത്തി പരിശോധന നടത്തി.
1945 ല്‍ തമിഴ്നാട്ടിലെ വെല്ലൂരിലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാര്‍ത്ഥ പേര്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി 19 ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം 3 തവണ നേടിയ വാണി ജയറാമിനെ അടുത്തിടെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു