മൂന്നാര്‍: ഇടുക്കിയില്‍ വീണ്ടും ബാലവിവാഹം. മൂന്നാറില്‍ 17 വയസുള്ള പെണ്‍കുട്ടിയെ 26 കാരന്‍ വിവാഹം കഴിച്ചു. വരനും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കുമെതിരെ ദേവികുളം പോലീസ് കേസെടുത്തു.
പെണ്‍കുട്ടി 7 മാസം ഗര്‍ഭിണിയാണ്. ഭര്‍ത്താവിനെതിരെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. കണ്ണന്‍ദേവന്‍ കമ്ബനി ചൊക്കനാട് എസ്റ്റേറ്റില്‍ ഗ്രഹാംസ് ലാന്‍ഡ് ഡിവിഷനില്‍ മണിമാരനെതിരെയാണ് പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തത്. എസ്റ്റേറ്റിലെ താല്‍ക്കാലിക ജീവനക്കാരനാണ് ഇയാള്‍.
2022 ജൂലൈയ് മാസത്തിലാണ് ഇവരുടെ വിവാഹം നടന്നത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതാണെന്നു വിശ്വസിപ്പിച്ചാണ് അമ്മയും ബന്ധുക്കളും ചേര്‍ന്നു വിവാഹം നടത്തിയതെന്നു പറയുന്നു. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതിന് പിന്നാലെ കഴിഞ്ഞ മാസമാണ് പൊലീസ് വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന് മുന്നില്‍ ഹാജരാക്കുകയും ശേഷം അമ്മയോടൊപ്പം വിട്ടയക്കുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്.