തിരുവനന്തപുരം: ഭക്ഷണ സാധനങ്ങൾ തയാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡും സർട്ടിഫിക്കറ്റുകളും നൽകുമ്പോൾ കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിർദേശം. സർട്ടിഫിക്കറ്റുകൾ നൽകുമ്പോൾ വീഴ്ചകൾ ഉണ്ടായ സാഹചര്യത്തിലാണ് നിർദേശം.
സർട്ടിഫിക്കറ്റ് നൽകുമ്പോൾ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണം. സർട്ടിഫിക്കറ്റ് നൽകുന്നതിനു മുൻപ് അപേക്ഷകരെ ഡോക്ടർ നേരിട്ടു പരിശോധിക്കണം. ശാരീരിക പരിശോധന, കാഴ്ച പരിശോധന, ത്വക്ക്, നഖങ്ങൾ എന്നിവയുടെ പരിശോധനയും നടത്തണം. രക്ത പരിശോധന നടത്തണം. ടൈഫോയിഡും ഹൈപ്പറ്റൈറ്റിസ് (എ) ഉണ്ടോയെന്നും പരിശോധിക്കണം. ക്ഷയരോഗ ലക്ഷണം ഉണ്ടെങ്കിൽ കഫം പരിശോധിക്കണം. വിരശല്യത്തിനെതിരെയുള്ള വാക്സിന്‍ നല്‍കണം. ടൈഫോയ്ഡിനെതിരെയുള്ള വാക്സിന്‍ പൂര്‍ത്തീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ RMO,300 രൂപ വീതം വാങ്ങി പരിശോധനയൊന്നുമില്ലാതെ ഹെൽത്ത് കാർഡ് നൽകിയെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് കര്‍ശന നടപടിക്ക് മന്ത്രി നിർദേശം നൽകിയിരുന്നു.
പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ കൂടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരാണിവര്‍. സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.