ഭിന്നശേഷി ശാക്തീകരണത്തിന്റെ ഭാഗമായി മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 25, 26 തീയതികളില്‍ കഴക്കൂട്ടം ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ ‘സമ്മോഹന്’ എന്നപേരില്‍ ദേശീയ ഭിന്നശേഷി കലാമേള അരങ്ങേറുന്നു. സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികളും അവരുടെ രക്ഷിതാക്കളും മേളയില്‍ പങ്കെടുക്കും.
രാജ്യത്തെ ഒന്‍പത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള കുട്ടികളും പങ്കെടുക്കും. കഴക്കൂട്ടം കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്റര്‍, മാജിക് പ്ലാനറ്റ് എന്നിവയിലെ പതിനഞ്ചോളം വേദികളിലാണ് കലാമേള നടക്കുക. ഇതാദ്യമായാണ് ഇന്ത്യയില്‍ ഇത്തരമൊരു ഭിന്നശേഷി കലാമേള നടക്കുന്നത്.
മാജിക്, നൃത്തം, സംഗീതം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് കുട്ടികള്‍ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. വിവിധ പദ്ധതികളെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന വിഭാഗങ്ങള്‍, ഭിന്നശേഷിക്കാരുടെ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും നടക്കും.