നാടന്‍ കലാകാരനും നടനുമായ നെല്ലെ തങ്കരാജ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് അന്ത്യം. ആരോഗ്യനില വഷളായതോടെ തങ്കരാജിനെ നെല്ലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. മാരി സെല്‍വരാജ് ചിത്രം പരിയേറും പെരുമാളിലൂടെ ഏറെ നിരൂപക പ്രശംസ നേടിയാണ് നെല്ലെ തങ്കരാജ് തമിഴ് സിനിമാ ലോകത്ത് ചുവടുറപ്പിച്ചത്.
പരിയേറും പെരുമാള്‍ സംവിധായകന്‍ മാരി സെല്‍വരാജ് ഉള്‍പ്പെടെ തമിഴ് സിനിമാ മേഖലയിലുള്ള പ്രമുഖര്‍ നെല്ലെ തങ്കരാജിന്റെ വിയോഗത്തില്‍ അനുശോചനവും ദു:ഖവും രേഖപ്പെടുത്തി.
‘നിങ്ങളുടെ കാലടിപ്പാടുകൾ എന്റെ അവസാനചിത്രം വരെ നിലനിൽക്കും’ എന്നാണ് സംവിധായകൻ മാരി സെൽവരാജ് ട്വീറ്റ് ചെയ്തത്. പരിയേറും പെരുമാളിന്റെ സെറ്റിൽ തങ്കരാജിനൊപ്പം നിൽക്കുന്ന ഒരു ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
പരിയേറും പെരുമാൾ എന്ന ചിത്രത്തിലെ നായകന്റെ അച്ഛൻ വേഷം സിനിമാ പ്രേമികളിൽ ഏറെ നൊമ്പരമുണർത്തിയിരുന്നു. ഒരു തെരുവ് നർത്തകനായാണ് അദ്ദേഹം വേഷമിട്ടത്. മകന്റെ സഹപാഠികളാൽ തെരുവിൽ പട്ടാപ്പകൽ അപമാനിക്കപ്പെടുന്ന പിതാവിന്റെ വേഷം തങ്കരാജിന് ഏറെ പ്രശംസകൾ നേടിക്കൊടുത്തിരുന്നു.