മുംബൈ: ഓഹരി മൂല്യം ഉയർത്തി തട്ടിപ്പ് നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി കമ്പനികളുടെ മൂല്യം പകുതിയായി. വിപണിയിൽ ഓഹരി മൂല്യം ഇടിഞ്ഞതോടെ 9.82 ലക്ഷം കോടി രൂപയുടെ (120 ബില്യൺ ഡോളർ) നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഇന്ന് വിപണി ആരംഭിച്ചതിന് ശേഷം അദാനി ഓഹരികളുടെ വിലയില്‍ 30 ശതമാനം ഇടിവ് വരെ രേഖപ്പെടുത്തിയെങ്കിലും പിന്നീട് മൂല്യം ചെറുതായി ഉയര്‍ന്ന് നഷ്ടം 11 ശതമാനമായി കുറഞ്ഞു.
ഇന്ന് വ്യാപാരം തുടങ്ങി അല്‍പ സമയത്തിനുള്ളില്‍ അദാനി ഓഹരികള്‍ വലിയ തിരിച്ചടി നേരിട്ടെങ്കിലും വ്യാപാരം അവസാനിക്കാറായപ്പോള്‍ പല ഓഹരികളും നഷ്ടം കുറയ്ക്കുകയോ സ്ഥിരത നിലനിര്‍ത്തുകയോ ചെയ്തു. ഇന്‍ട്രാഡേയില്‍ അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ 25 ശതമാനവും അദാനി പോര്‍ട്ട് ഓഹരികള്‍ 15 ശതമാനവും ഇടിഞ്ഞെങ്കിലും ഇവ യഥാക്രമം രണ്ട് ശതമാനം നഷ്ടത്തിലും 5.5 ശതമാനം നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡിസംബർ 21ന് 4,189.55 രൂപയുണ്ടായിരുന്ന ഓഹരിവില വെള്ളിയാഴ്ച ഒരു ഘട്ടത്തില്‍ 1017.10 രൂപയിലേക്ക് താഴ്ന്നു. പിന്നീട് മെച്ചപ്പെടുത്തിയ ഓഹരി 1,533 ലാണ് ക്ലോസ് ചെയ്തത്. നേരത്തെ 4.45 ലക്ഷം കോടിയുണ്ടായിരുന്ന എന്‍റര്‍പ്രൈസസിന്‍റെ വിപണിമൂല്യം 2.88 ലക്ഷമായി ചുരുങ്ങി. തിരിച്ചടികൾക്ക് പിന്നാലെ, അദാനി എന്റർപ്രൈസസിനെ എസ് ആൻഡ് പി ഡൗ ജോൺസ് സുസ്ഥിരപ്പട്ടികയിൽ നിന്ന് നീക്കം ചെയ്തു. നേരത്തെ, എന്റർപ്രൈസസ്, അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ എകണോമിക് സോൺ, അംബുജ സിമന്റ് ഓഹരികളെ നാഷണൽ സ്‌റ്റോക് എക്‌സ്‌ചേഞ്ച് നിരീക്ഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു.
ഓഹരി വിപണിയിലെ തിരിച്ചടിക്ക് പിന്നാലെ, അദാനി കമ്പനികൾക്ക് നൽകിയ വായ്പ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പിന്റെ ഓഹരിത്തകർച്ച സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യും നിരീക്ഷിച്ചു വരികയാണ്.
അതിനിടെ, തങ്ങൾക്കെതിരെ റിപ്പോർട്ട് പ്രസിദ്ധീകരിച്ച യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ് റിസർച്ചിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സുപ്രിംകോടതിയെ സമീപിച്ചു. ഹിൻഡൻബർഗ് സ്ഥാപകൻ നഥാൻ ആൻഡേഴ്‌സണെ നടപടിയെടുക്കണമെന്നും അദാനി ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപം നടത്തിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് അദാനി ആവശ്യപ്പെട്ടിട്ടുള്ളത്.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണസ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. അദാനി ഗ്രൂപ്പ് മൗറീഷ്യസ്, കരീബിയന്‍ ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലൂടെ ഓഫ്‌ഷോര്‍ എന്റിറ്റികളെ ഉപയോഗിച്ച് വരുമാനം പെരുപ്പിച്ച് കാട്ടിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.