തിരുവനന്തപുരം: ഇന്ധന വിലയും മദ്യ വിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുള്‍പ്പെടെ നിര്‍ണായക പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം പൂര്‍ണ ബഡ്ജറ്റ്. സാധാരണക്കാരുടെ ജീവിത ചെലവ് വര്‍ധിപ്പിക്കുന്നതാണ് സംസ്ഥാന ബജറ്റ്.
പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപയാണ് സെസ് ഏര്‍പ്പെടുത്തുന്നത്. ഇതിലൂടെ സാമൂഹ്യസുരക്ഷാ സീഡ് ഫണ്ടിലേയ്ക്ക് അധികമായി 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഉയരുന്ന ഇന്ധന വിലയ്‌ക്കൊപ്പം സുരക്ഷാ സെസ്സ് കൂടി ചേര്‍ന്നാല്‍ വീണ്ടും സാധരണക്കാരുടെ ജീവിതം ദുസ്സഹം ആകുമെന്ന് ഉറപ്പ്.
കൂടാതെ, ഭൂമി രജിസ്ട്രേഷന്‍ ചെലവ് കൂടും. ഭൂമിയുടെ ന്യായവില 20 ശതമാനമാണ് വര്‍ധിപ്പിച്ചത്. കെട്ടിട പെര്‍മിറ്റ് ഫീസും, കെട്ടിട അനുമതി ഫീസും കൂട്ടി. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തും. ഒന്നിലധികം വീടുകളുള്ളവര്‍ക്കും പ്രത്യേക നികുതി നല്‍കേണ്ടിവരും.
അതേസമയം, വിദേശ മദ്യത്തിനും വില വര്‍ധിക്കും. 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലും വര്‍ധനവ് ഉണ്ടാകും. സംസ്ഥാന ബജറ്റില്‍ കെട്ടിട നികുതിയും പരിഷ്‌കരിച്ചു. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. അതേസമയം, കാര്‍ അടക്കമുള്ള വാഹനങ്ങളുടെ ഒറ്റത്തവണ നികുതി കൂട്ടി. മോട്ടോര്‍ വാഹന നികുതിയും സെസും വര്‍ദ്ധിപ്പിച്ചു. മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒറ്റത്തവണ നികുതി രണ്ട് ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്.