ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളിൽ വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരായ രണ്ടു ഹർജികൾ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവരുടെ ഹർജിയും അഭിഭാഷകനായ എം.എൽ.ശർമയുടെ ഹർജിയുമാണ് പരിഗണിക്കുന്നത്.
ഡോക്യുമെന്ററി വിലക്കിയ നടപടി വഞ്ചനാപരവും സ്വേച്ഛാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അഭിഭാഷകനായ എം.എൽ.ശർമയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടി. ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കുന്നതിനെതിരെയാണ് പ്രശാന്ത് ഭൂഷൺ, എൻ.റാം തുടങ്ങിയവർ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സുന്ദരേഷ് എന്നിവർ ഉൾപ്പെടുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
അധികാരത്തിലിരിക്കുന്നവർക്ക് അനുകൂലമല്ല എന്നതുകൊണ്ട് ഡോക്യുമെന്ററി വിലക്കാനാകില്ല, വിലക്ക് ഏർപ്പെടുത്തിയ ഉത്തരവ് പരസ്യപ്പെടുത്തിയില്ല, ഓൺലൈൻ വാർത്താപോർട്ടലുകളെ ഉൾപ്പെടെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട മാർഗരേഖയിലെ (ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ഹൈക്കോടതി സ്റ്റേ ചെയ്ത വകുപ്പുകൾ ഉപയോഗിച്ചാണ് ഡോക്യുമെന്ററി ലിങ്കുകൾ മാറ്റിയത് തുടങ്ങിയ വാദങ്ങൾ ഹർജികളിലുണ്ട്.
2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസിയുടെ ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയാണ് സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും കേന്ദ്രസർക്കാർ വിലക്കിയത്.