കൊച്ചി: വിരമിച്ച കെഎസ്ആർടിസി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈക്കോടതി. ആനൂകൂല്യവിതരണത്തിന് രണ്ടുവര്‍ഷത്തെ സാവാകാശം അനുവദിക്കാനാവില്ലെന്നും കോടതി അറിയിച്ചു. പെന്ഷന് ആനുകൂല്യങ്ങള്‍ നാല് മാസത്തിനകം നല്‍കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പ്രതികരണം.
കുറച്ചെങ്കിലും ആനുകൂല്യം നല്‍കിയിട്ട് സാവാകാശം തേടൂ. വേണമെങ്കില്‍ ആറുമാസം സാവകാശം അനുവദിക്കാമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ആനുകൂല്യ വിതരണത്തിനുള്ള സീനിയോറിറ്റി പ്രകാരമുള്ള റിപ്പോര്‍ട്ട് നല്കാന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്ത ജീവനക്കാരുടെ അവസ്ഥ പരിഗണിച്ച് പരിഹാരം കാണണമെന്ന് കാലങ്ങളായി സർക്കാർ ഹൈക്കോടതിയോട് നിർദേശിക്കുന്നതാണ്. പക്ഷേ അതിലൊരു തീർപ്പ് സർക്കാരിനും കെഎസ്ആർടിസിക്കും നൽകാൻ സാധിച്ചിരുന്നില്ല. മുൻഗണനാ ക്രമത്തിൽ ആനുകൂല്യം വിതരണം ചെയ്യുന്നതിന് രണ്ട് വർഷം വേണ്ടി വരും എന്ന കെഎസ്ആർടിസിയുടെ വാദം ഇന്നും തള്ളിയ ഹൈക്കോടതി ജീവനക്കാരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതിന് തുല്യമാണ് അതെന്ന് വ്യക്തമാക്കി. ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ആറ് മാസം സമയം നൽകാമെന്ന് ഹൈക്കോടതി വാക്കാൽ അറിയിക്കുകയും ചെയ്തു. ഇത് ഉത്തരവായി വന്നിട്ടില്ല. അതിനു മുമ്പ് തന്നെ വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്.
എന്നാൽ മുൻഗണനാ ക്രമത്തിൽ ആനുകൂല്യം നൽകുന്നതിന് പകരം ആവശ്യം പരിഗണിച്ച് തീരുമാനമെടുക്കണമെന്നാണ് കോടതിയുടെ നിർദേശം. എല്ലാവരുടെയും അക്കൗണ്ടിലും ചെറിയ തുകയെങ്കിലും എത്തുന്ന രീതിയിലുള്ള പ്രപ്പോസൽ ആവണം മുന്നോട്ട് വയ്‌ക്കേണ്ടതെന്നും ഹൈക്കോടതി ഓർമിപ്പിച്ചിട്ടുണ്ട്. ആവർത്തിച്ച് പറഞ്ഞിട്ടും ഇക്കാര്യത്തിൽ ഒരു രൂപ പോലും ജീവനക്കാർക്ക് നൽകാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞിട്ടില്ലെന്നും കുറച്ച് തുകയെങ്കിലും നൽകിയിരുന്നെങ്കിൽ സാവകാശം അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമായിരുന്നുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു.
മാസാമാസം കൃത്യമായി ഒരു തുക പെൻഷന് വേണ്ടി മാറ്റിവെക്കാതെ വേറെ നിവൃത്തിയില്ലെന്നും കോടതി വ്യക്തമാക്കി. ഹരജിയിൽ ഹൈക്കോടതി ഈ മാസം 12ന് വീണ്ടും വാദം കേൾക്കും.