കണ്ണൂർ: കണ്ണൂരിൽ കാർ കത്തി അപകടമുണ്ടായതിന് കാരണം ഷോർട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം. റിവേഴ്സ് ക്യാമറ അടക്കമുള്ള അനുബന്ധ സംവിധാനങ്ങൾ ഘടിപ്പിച്ചതാണ് തീ പിടിക്കാൻ കാരണമെന്നും മോട്ടോർ വാഹന വകുപ്പ് പറഞ്ഞു. വാഹനം വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തിൽ വിശദ പരിശോധന നടത്തും.
ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേരാണ് വെന്തുമരിച്ചത്. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേർക്കും രക്ഷപ്പെടാനായില്ല.
കാറിന്റെ ഡ്രൈവിംങ് സീറ്റിന് സമീപത്ത് നിന്നാണ് ആദ്യം പുക ഉയർന്നത്. പിന്നാലെ വാഹനം നിർത്തിയ ശേഷം പിൻസീറ്റിൽ ഉള്ളവർ പുറത്തിറങ്ങി. ഈ സമയം തീ പിടിക്കുകയായിരുന്നു. തീ പിടിക്കാൻ കാരണമായ വസ്തുക്കൾ ഒന്നും കാറിൽ ഉണ്ടായിരുന്നില്ല എന്നാണ് കണ്ടെത്തൽ
അപകടത്തിൽ പെട്ട വാഹനം പ്രാഥമിക പരിശോധനക്ക് ശേഷം സിറ്റി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വാഹന നിർമ്മാതാക്കൾ നിയോഗിക്കുന്ന പ്രത്യേക സംഘവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അപകടത്തിൽ പെട്ട വാഹനം വീണ്ടും പരിശോധിക്കും.