തിരുവനന്തപുരം: കേരളത്തിൽനിന്നുള്ള ഭൂരിപക്ഷം എംപിമാരും വികസനം മുടക്കാൻ വേണ്ടി നിലകൊള്ളുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വികസന പദ്ധതികൾ മുന്നോട്ടുവച്ചാല്‍ പാർലമെന്റിൽ അതിനുവേണ്ടിയല്ല, അതു മുടക്കാന്‍വേണ്ടി ശബ്ദമുയര്‍ത്താന്‍ മാത്രമാണു കേരളത്തില്‍നിന്നുള്ള ഭൂരിപക്ഷം എംപിമാരും നിൽക്കുന്നത്. ഇതു കേരളത്തിന്‍റെ ദൗര്‍ഭാഗ്യമാണ്. ഗവര്‍ണറുടെ പ്രസംഗത്തിനുനന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൻമേലുള്ള ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്‌ക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. വികസനം തടയാൻ ബിജെപിയും കോൺഗ്രസും കേന്ദ്രത്തോട് ആവശ്യപ്പെടുന്നെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കേന്ദ്രത്തിന്റെ അനുമതിയോടെയാണ് കൊവിഡ് കാലത്ത് വായ്‌പയെടുത്തത്. കോൺഗ്രസ് അത് ധൂർത്തായി ചിത്രീകരിച്ചു. പ്രതിപക്ഷ കുപ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരുമക്കത്തായ കാലത്തെ ഹൃദയ ശൂന്യരായ അമ്മാവന്മാരെ പോലെയാണ് കേന്ദ്രത്തിന്റെ പെരുമാറ്റം. കിഫ്ബിയെ പൂട്ടിക്കാനാണ് കേന്ദ്ര ശ്രമം. കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കാൻ ശ്രമിക്കുന്നു. അരുത് എന്ന് പറയാൻ ഒരു പ്രതിപക്ഷം ഇല്ല. ഇതാണ് കേരളത്തിന്റെ ദൗർഭാഗ്യം. വികസന പദ്ധതികൾ മുടക്കാൻ എംപിമാർ ശ്രമിക്കുന്നു.
ഇവിടെ നിന്ന് പോയ 19 എം പി മാർ എന്താണ് ചെയ്തത്. ഇതിന്റെ കുറ്റവിചാരണയായിരിക്കും വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ്. ജനരോഷത്തിൽ പ്രതിപക്ഷം കരിയില പോലെ പറന്ന് പോകും. അദാനിയുടെ വീഴ്ച കേന്ദ്രത്തിലെ അധികാരികളുടെ രാഷ്ട്രീയ വീഴ്ചയുടെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ചെലവുകളിൽ സർക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കുന്നു. കണക്കുകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
യുഡിഎഫ് ഘടകകക്ഷിയായ മുസ്‍ലിം ലീഗ് ഉടൻ മുന്നണി വിട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിങ്ങളുടെ മുന്നണിയിലെ പ്രശ്നങ്ങൾ നിങ്ങൾ തന്നെ തീർത്തോളൂ. അതിനിടയിൽ ഇടതുമുന്നണിയെ പള്ളുപറയുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
നന്ദി പ്രമേയ ചർച്ച നടക്കുന്നതിനിടയിൽ കുർക്കോളി മൊയ്തീൻ എംഎൽഎ ചില പരാമർശങ്ങൾ നിയമസഭയിൽ നടത്തിയിരുന്നു. 1977ലേത് പോലെ സിപിഎം എൽഡിഎഫ് വിട്ട് യുഡിഎഫിന്റെ ഭാഗമാകണം എന്നായിരുന്നു പരാമർശം. ഇതിന് മറുപടിയെന്നോണമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.