ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഇരട്ട സ്ഫോടനക്കേസിൽ ലഷ്കറെ ത്വയിബ ഭീകരൻ അറസ്റ്റിൽ. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ ആരിഫാണ് പിടിയിലായത്. വൈഷ്ണോ ദേവി തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനത്തിലെ ബോംബ് സ്ഫോടനത്തിലടക്കം ആരിഫിന് പങ്കുണ്ടെന്നാണ് കണ്ടെത്തൽ.
ജമ്മുവിവെ നർവാലിൽ കഴിഞ്ഞ മാസം 21ന് നടന്ന ഇരട്ട സ്ഫോടന കേസിലാണ് സർക്കാർ സ്കൂൾ അധ്യാപകനായ ആരിഫ് അഹമ്മദ് പിടിയിലായത്. പാകിസ്ഥാനിൽ കഴിയുന്ന രണ്ട് പേരുടെ നിർദ്ദേശം അനുസരിച്ചാണ് ആരിഫ് ആക്രമണം നടത്തിയതെന്ന് ജമ്മു കശ്മീർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം നടന്ന് രണ്ടാഴ്ചക്കുള്ളിലാണ് ആരിഫിനെ പിടികൂടിയത്. ഇയാളിൽ നിന്ന് അത്യാധുനിക പെർഫ്യൂം ബോംബും പിടിച്ചെടുത്തു. കുപ്പി തുറക്കാൻ ശ്രമിക്കുകയോ അമർത്തുകയോ ചെയ്താൽ സ്ഫോടനം നടക്കുന്ന രീതിയിലാണ് പെർഫ്യൂം ബോംബ് തയ്യാറാക്കിയിരുന്നത്.
ജമ്മു ഇരട്ട സ്ഫോടനത്തിനു പിന്നിൽ പാകിസ്താനെന്നാണ് വിവരം. ജമ്മുവിൽ നിന്ന് പിടികൂടിയ ഭീകരവാദികളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
അഞ്ച് ലക്ഷത്തോളം ടെലിഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്ന് 9 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് മൂന്ന് പേരെപ്പറ്റി സൂചന ലഭിച്ചത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ ആളുകൾ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാൻ ഉണ്ട്. അന്വേഷണം തുടരുകയാണ് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഈ മൂന്ന് പേരെ സംബന്ധിച്ച് ഭീകരവാദ സംഘടനകളുമായും പാക് രഹസ്യാന്വേഷണ ഏജൻസിയായിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റുമായും ഇവർക്ക് ബന്ധമുണ്ട്. ഈയൊരു സാഹചര്യത്തിൽ ഇവരുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകളുമായുള്ള കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. വലിയ ആ സ്ഫോടനങ്ങൾ നടത്തുക, അതിൻറെ ഭാഗമായി ഈ ചെറു സ്ഫോടനങ്ങൾ എന്ന വിധത്തിലാണ് ഈ ഇരട്ട സ്ഫോടനം നടത്തിയത് എന്നതാണ് പൊലീസിൻ്റെ നിഗമനം.