കൊച്ചി: കൊച്ചിയില്‍ പെറ്റ് ഷോപ്പില്‍നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച കേസിൽ അറസ്റ്റിലായവര്‍ക്ക് ജാമ്യം. നിഖില്‍, ശ്രേയ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നായ്ക്കുട്ടിയെ ഉടമയ്ക്ക് വിട്ടുനല്‍കി. കേസുമായി മുന്നോട്ടുപോകന്‍ താല്‍പര്യമില്ലെന്ന് കടയുടമ മുഹമ്മദ് ബസിത് കോടതിയെ അറിയിച്ചു.
45 ദിവസം പ്രായമുള്ള സ്വിഫ്റ്റർ ഇനത്തിൽ പെട്ട 15,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ മോഷ്ടിക്കപ്പെട്ട നാലു ദിവസത്തിനു ശേഷം കർണാടകയിലെ കർക്കലയിൽ ഇന്നലെയാണ് കണ്ടെത്തിയത്. കേരളത്തിൽ വാരാന്ത്യം ആഘോഷിച്ചു ബൈക്കിൽ മടങ്ങവേ നിഖിലും ശ്രേയയും നെട്ടൂരിലെ ഷോപ്പിൽ നിന്ന് 28ന് രാത്രി ഏഴോടെയാണ് നായ്ക്കുട്ടിയെ മോഷ്ടിച്ചത്. പൂച്ചയെ വാങ്ങിക്കുമോ എന്നു ചോദിച്ചാണ് എത്തിയത്. ഹിന്ദിയിലായിരുന്നു സംസാരം. മാന്യമായ പെരുമാറ്റം ആയതിനാൽ സംശയം തോന്നിയില്ല. ജീവനക്കാരൻ പുറത്തേക്കു പോയ തക്കത്തിന് കൂടു തുറന്ന് നായ്ക്കുട്ടിയെ ഹെൽമറ്റിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു.
നായ്ക്കുട്ടി ശബ്ദം ഉണ്ടാക്കാതിരുന്നതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല. കൂടു തുറന്നു പോയതായിരിക്കും എന്നാണു കരുതിയത്. പിന്നീട് സിസിടിവി നോക്കിയാണ് മോഷണം ഉറപ്പിച്ചത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ വൈറ്റിലയിലെ മറ്റൊരു പെറ്റ് ഷോപ്പിൽ നിന്ന് ഇവർ നായ്ക്കുട്ടിക്കുള്ള തീറ്റയും മോഷ്ടിച്ചതായി കണ്ടെത്തി. മറ്റൊരു കടയിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ ഉടമ വന്നതിനാൽ 115 രൂപ ഗൂഗിൾ പേ ചെയ്തു മുങ്ങി.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. ഹിന്ദിയിലുള്ള സംസാരം അന്വേഷണം കേരളത്തിനു പുറത്തേക്ക് നീളാൻ കാരണമായി. നിഖിലും ശ്രേയയും എൻജിനീയറിങ് വിദ്യാർഥികളാണെന്ന് പൊലീസ് പറഞ്ഞു. ബൈക്കിൽ കൊച്ചിയിലെത്തി നായയെ മോഷ്ടിക്കുകയായിരുന്നു. വളർത്താനായിരുന്നു വില കൂടിയ നായക്കുട്ടിയെ മോഷ്ടിച്ചതെന്നാണ് പോലീസിനോട് ഇവർ മൊഴി നൽകിയത്.