മുംബൈ: ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനു പിന്നാലെ ഓഹരികൾ വിപണിയിൽ വൻ തിരിച്ചടി നേരിടുന്ന അദാനി ഗ്രൂപ്പിന് വീണ്ടും നഷ്ടം. അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ ഇന്നും 26 ശതമാനത്തിലേറെ ഇടിഞ്ഞു.
അദാനി എന്റര്‍പ്രൈസസിനു പുറമേ അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ ഓഹരികളും പത്തുശതമാനത്തോളം ഇടിഞ്ഞു. അദാനി പോര്‍ട്സ്, അദാനി പവര്‍ തുടങ്ങിയ ഓഹരികള്‍ അഞ്ചു ശതമാനത്തിലേറെ നഷ്ടത്തിലാണ്.
ഇന്ത്യൻ രൂപയിൽ കമ്പനിയുടെ ആകെ നഷ്ടം 8.31 ലക്ഷം കോടി വരും. അദാനി ഗ്രൂപ്പിന് വായ്പ നല്കിയിട്ടുണ്ടെങ്കില് അറിയിക്കാന്‍ റിസര്‍വ് ബാങ്ക്, ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഏഴര ലക്ഷം കോടിയോളം രൂപയാണ് അദാനി ഗ്രൂപ്പിന്റെ മൂല്യത്തില്‍ ഇടിവുണ്ടായത്. ഓഹരി വിപണിയിലും ചാഞ്ചാട്ടം തുടരുകയാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 430 പോയിന്റും നിഫ്റ്റി 150 പോയിന്റും ഇടിഞ്ഞെങ്കിലും പിന്നീട് നഷ്ടം കുറച്ചു.
ലോക സമ്പന്നരുടെ പട്ടികയിലും അദാനി താഴേയ്ക്കു പതിച്ചു. ഫോബ്സിന്റെ ലോക ധനികരുടെ പട്ടികയിൽ അദാനി പതിനാറാം സ്ഥാനത്തേക്ക് താണു. ആഗോള സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുനിന്നാണ് അദാനിയുടെ വീഴ്ച എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ആഗോള സമ്പന്നപ്പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഇപ്പോൾ 16-ാം സ്ഥാനത്താണെന്ന് ഫോബ്‌സ് കണക്കുകൾ പറയുന്നു. 69 ബില്യൺ ഡോളറാണ് ഇപ്പോൾ ഗുജറാത്ത് വ്യവസായിയുടെ ആസ്തി.