കൊച്ചി: നെട്ടൂരിലെ പെറ്റ് ഷോപ്പില്‍നിന്ന് നായക്കുട്ടിയെ മോഷ്ടിച്ച യുവതിയും യുവാവും കര്‍ണാടകയില്‍ പിടിയില്‍. കർണാടക ഹോസ്ദുർഗ് ഷിമോഗ സ്വദേശികളായ നിഖിൽ(23), ശ്രേയ(23) എന്നിവരാണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്. ഇവരില്‍നിന്ന് മോഷ്ടിച്ച നായക്കുട്ടിയെ കണ്ടെത്തി.
നിഖിലും ശ്രേയയും എൻജിനീയറിങ് വിദ്യാർഥികളാണെന്ന് പൊലീസ് അറിയിച്ചു. ഉഡുപ്പിയിലെ താമസ സ്ഥലത്തുനിന്നാണ് ഇവരെ പിടികൂടിയത്. ബൈക്കിൽ കൊച്ചിയിലെത്തി നായയെ മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സി.സി.ടി.വി.യില്‍ പതിഞ്ഞ പ്രതികളുടെ ദൃശ്യവും മറ്റ് വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളിലേക്കെത്തിയത്. വിശദാന്വേഷണത്തില്‍ പ്രതികള്‍ ഇതര സംസ്ഥാനക്കാരാണെന്ന് ബോധ്യമായി. ഇവര്‍ കര്‍ണാടകയിലേക്ക് കടന്നതായും പോലീസ് കണ്ടെത്തി. ഇതോടെ അന്വേഷണ സംഘം കര്‍ണാടകയിലെത്തി ഇവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് ഉഡുപ്പിയിലെ കാര്‍ഖലയില്‍വെച്ച് രണ്ടുപേരെയും പിടികൂടുകയായിരുന്നു.
ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. പൂച്ചയെ വാങ്ങുമോ എന്ന അന്വേഷണവുമായാണ് യുവതിയും യുവാവും ബൈക്കിൽ നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തിയത്. കടയിലെ ജീവനക്കാരന്റെ ശ്രദ്ധ മാറിയപ്പോൾ കൂട്ടിലടച്ചിരുന്ന നായ്‌ക്കുട്ടിയെ യുവതി എടുക്കുകയും യുവാവിന്റെ കൈവശമുണ്ടായിരുന്ന ഹെൽമറ്റിലേക്ക് വയ്ക്കുകയുമായിരുന്നു. ഇടപ്പള്ളി സ്വദേശിയിൽനിന്നു കടയുടമ കഴിഞ്ഞ ദിവസം വാങ്ങിച്ച മൂന്നു നായ്ക്കുട്ടികളിൽ ഒന്നിനെയാണ് കൊണ്ടുപോയത്. ആലപ്പുഴ സ്വദേശിക്കു വിൽക്കുന്നതിനായാണ് രണ്ടു നായ്ക്കുട്ടികളെ കടയിൽ കൊണ്ടുവന്നത്.
യുവതിയും യുവാവും കടയിൽനിന്നു പോയതിനു പിന്നാലെ നായ്‌ക്കുട്ടിയെ വാങ്ങിക്കുന്നതിന് ആലപ്പുഴ സ്വദേശി എത്തിയപ്പോഴാണ് ഒരെണ്ണത്തിനെ കാണാനില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഓടിപ്പോയെന്ന നിഗമനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താതിനെ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. അപ്പോഴാണ് യുവതിയും യുവാവും നായ്‌ക്കുട്ടിയെ മോഷ്ടിച്ചെന്ന വിവരം മനസ്സിലാക്കിയത്. ഇവർ പോയ വഴിയിലെ മറ്റു സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് വൈറ്റിലയിലുള്ള മറ്റൊരു ഷോപ്പിൽനിന്നു നായയ്ക്കുള്ള തീറ്റയും ഇവർ മോഷ്ടിച്ചതായി കണ്ടെത്തിയത്. ഇതിനു പിന്നാലെ കടയുടമ പനങ്ങാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.