ന്യൂ ഡല്‍ഹി: 2023-24 വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റില്‍ ആദായനികുതി വരുമാന പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. ഇനി മുതല്‍ ഏഴ് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതിയുടെ പരിധിയില്‍ വരില്ല. അതേസമയം പുതിയ നികുതി ഘടനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ഏഴ് ലക്ഷം രൂപയായി ഉയര്‍ത്തിയതിന്റെ ഗുണം ലഭിക്കുക. പഴയ ഘടനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷമായി തുടരും.
കൂടാതെ നികുതി സ്ലാബുകള്‍ അഞ്ചാക്കി കുറച്ചിരിക്കുകയാണ്. മൂന്ന് മുതല്‍ ആറ് ലക്ഷം വരെ അഞ്ച് ശതമാനമാണ് നികുതി. ആറ് മുതല്‍ 9 വരെ 10 ശതമനവും 9 മുതല്‍ 12 വരെ 15 ശതമാനവുമാണ് നികുതി. 12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനമനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനമാണ് നികുതി. ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 16 ആയി കുറക്കുകയും ചെയ്തു. ഇതുപ്രകാരം 9 ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് 45,000 രൂപ നികുതിയായി നല്‍കിയാല്‍ മതി. 15.5 ലക്ഷം രൂപ വരുമാനമുള്ളവര്‍ 52,500 രൂപ നികുതിയായി നല്‍കണം.