തൃശൂർ: ഗുരുവായൂരിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാള് പിടിയിൽ. കഞ്ചാവ് ചെറിയ കടലാസ് പൊതികളിലാക്കി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപന നടത്തി വരികയായിരുന്ന ഒഡീഷ രാണിപഥ സ്വദേശി ഗണപതി കരൺ ആണ് പിടിയിലായത്.
മുല്ലശ്ശേരി പെരുവല്ലൂർ പരപ്പുഴ പാലത്തിനു സമീപത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒരു പാക്കറ്റിലെ കഞ്ചാവിന് 500 രൂപ വാങ്ങിയാണ് പ്രതി വിൽപ്പന നടത്തിയിരുന്നത്.
നിർമാണ തൊഴിലാളിയായ ഇയാൾ നാട്ടിൽ പോയി തിരിച്ചു വന്നപ്പോഴാണ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. ചാവക്കാട് എക്സൈസ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.