കൊച്ചി: ബിബിസിക്കെതിരെ വീണ്ടും വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി രംഗത്ത്. കാഷ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാർത്തകൾ മുമ്പ് പലതവണ ബിബിസി നൽകിയിട്ടുണ്ടെന്നും അനിൽ ട്വിറ്ററിൽ കുറിച്ചു. ബിബിസി നൽകിയ ഭൂപടങ്ങൾ സഹിതമാണ് അനിൽ ആന്റണിയുടെ ട്വീറ്റ്.
‘‘ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യംചെയ്ത മാധ്യമമാണു ബിബിസി. ജമ്മു കശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം ബിബിസി പലതവണ നല്‍കിയിട്ടുണ്ട്. നിക്ഷിപ്ത താൽപര്യം ഇല്ലാത്ത സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യംതന്നെ. ഇപ്പോഴത്തെ കോൺഗ്രസിനും കൂട്ടർക്കും മികച്ച സഖ്യകക്ഷിയാണ്’’– കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്, വക്താവ് സുപ്രിയ ശ്രീനാഥെ എന്നിവരെ ടാഗ് ചെയ്ത് അനിൽ ട്വീറ്റിൽ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ എതിര്‍ത്തതിന്റെ പേരില്‍ വിവാദത്തിലായ അനില്‍ കെ. ആന്റണി കോണ്‍ഗ്രസിന്റെ എല്ലാ പദവികളില്‍ നിന്നും രാജിവെച്ചിരുന്നു. മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ, കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽമീഡിയ നാഷനൽ കോഓർഡിനേറ്ററുമായിരുന്നു.