കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് കോടി രൂപയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി. അഞ്ചു യാത്രക്കാരിൽ നിന്ന് കസ്റ്റംസ് പിടിച്ചത് അഞ്ചര കിലോയിലധികം സ്വർണമിശ്രിതമാണ്. പിടിയിലായവർ സ്വർണക്കടത്ത് സംഘത്തിന്റെ ക്യാരിയർമാരാണെന്ന് കസ്റ്റംസ് കണ്ടെത്തി.
ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് സ്വർണവുമായി പിടിയിലായത് .
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കഴിഞ്ഞ രാത്രി ദുബായിയിൽ നിന്നെത്തിയ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി കലംതോടൻ സൽമാനുൽ ഫാരിസിൽ നിന്നും 959 ഗ്രാം സ്വർണം പിടിച്ചു. രാവിലെ ഗൾഫ് എയർ വിമാനത്തിൽ ജിദ്ദയിൽ നിന്നും എത്തിയ മലപ്പുറം സ്വദശികളായ മുന്ന് യാത്രക്കാരിൽ നിന്നുമായി 3,505 ഗ്രാം സ്വർണമാണ് പിടിച്ചത്.
വള്ളുവമ്പ്രം സ്വദേശിയായ തയ്യിൽ തൊടി നൗഷാദിൽ നിന്നും 1,167 ഗ്രാമും ആമയൂർ സ്വദേശിയായ കൊട്ടകോടൻ ജംഷീർമോനിൽ നിന്നും 1,168 ഗ്രാം സ്വർണവും പന്തല്ലൂർ സ്വദേശിയായ കുവപ്പിലം മുഹമ്മദ് അസ്ലമിൽ നിന്നും 1,170 ഗ്രാം സ്വർണവും ആണ് പിടിച്ചത്.
രാവിലെ ഫ്ലൈ ദുബായി വിമാനത്തിൽ ദുബായിയിൽ നിന്നെത്തിയ കോഴിക്കോട് അത്തോളി സ്വദേശിയായ ഐനിപ്പുറത്ത് ഷറഫുദീനിൽ നിന്നും 1,255 ഗ്രാം സ്വർണവും കസ്റ്റംസ് പിടിച്ചു.