കോഴിക്കോട്: പേരാമ്പ്രയിൽ കാട്ടുപന്നി ആക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്. പരിക്കേറ്റ ഒരു സ്ത്രീയുടെ ആരോഗ്യനില ഗുരുതരമാണ്.
വൈകിട്ട് അഞ്ച് മണിയോടെയാണ് കല്ലോട് പ്രദേശത്ത് കാട്ടുപന്നി ആക്രമണം നടന്നത്. പേരാമ്പ്ര ഹൈസ്‌കൂളിന് സമീപത്തും കല്ലോട്, എരവട്ടൂര്‍, തുടങ്ങിയ സ്ഥലങ്ങളിലുമാണ് പന്നിയുടെ ആക്രമണമുണ്ടായത്.
ബൈക്കില്‍ യാത്ര ചെയ്യവേയാണ് രണ്ടു പേര്‍ക്ക് പരിക്കേറ്റത്, വീട്ടുമുറ്റത്തും സമീപപ്രദേശങ്ങളില്‍ നിന്നുമാണ് മറ്റുള്ളവര്‍ പന്നിയുടെ ആക്രമണം നേരിട്ടത്.
പരിക്കേറ്റവര്‍ പേരാമ്പ്ര താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സതേടി. പ്രദേശത്ത് പഞ്ചായത്ത് അധികൃതരും, വനംവകുപ്പ് ഉദ്ദ്യോഗസ്ഥരും പേരാമ്പ്ര പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
സംസ്ഥാനത്തൊട്ടാകെ വന്യജീവികളുടെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഇടുക്കി ചിന്നക്കനാൽ ബി എൽ റാവിൽ വീണ്ടും കാട്ടാന ആക്രമണമുണ്ടായി. ആക്രമണത്തിൽ ഒരു വീട് ഭാഗികമായി തകർത്തു. അരിക്കൊമ്പൻ എന്ന ഒറ്റയാനാണ് ഇന്നും ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.