തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കി സർക്കാർ ധവളപത്രം പുറത്തിറക്കണമെന്ന് ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കേരളത്തെ പിണറായി സർക്കാർ സമ്പൂർണമായ തകർച്ചയിലേക്ക് നയിക്കുകയാണ്. ലോട്ടറിയും മദ്യവുമല്ലാതെ സംസ്ഥാനത്തിന് മറ്റു വരുമാന മാർഗമില്ല. ശ്രീലങ്ക, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ സ്ഥിതിയിലേക്കാണ് എൽഡിഎഫ് സർക്കാർ കേരളത്തെ കൊണ്ടുപോകുന്നത്. സാമ്പത്തിക സ്ഥിതി മോശമായിട്ടും സർക്കാർ ധൂർത്ത് തുടരുകയാണ്.
ചിന്താ ജെറോമിന് കുടിശ്ശികയായി ലക്ഷങ്ങൾ കൊടുക്കുന്ന സർക്കാർ അടുത്ത മാസം ഒന്നാം തിയ്യതി വൈദ്യുതി നിരക്ക് കൂട്ടി ജനങ്ങളുടെ നടുവൊടിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.
കേരളത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനല്ല, സിപിഎമ്മിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് കെ.വി.തോമസിനെ ഡൽഹിയിൽ നിയമിച്ചതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
വൻകിട കുത്തകക്കാരുടെ നികുതി പിരിക്കാതെ സാധാരണക്കാരെ പിഴിയുകയാണ് പിണറായി സർക്കാരിന്റെ ഹോബിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾക്കും വൈദ്യുതിക്കും വെള്ളത്തിനും വില കൂട്ടി പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന സർക്കാർ സാമ്പത്തിക ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. സർക്കാരിന്റെ മൗനാനുവാദത്തോടെ ഒരു ഭാഗത്ത് നികുതിവെട്ടിപ്പുകൾ കേരളത്തിൽ പതിവായിരിക്കുകയാണ്. വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ ഇടപെടൽ നടത്തുന്നില്ല. കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില വർദ്ധിപ്പിക്കാൻ ഇടപെടുന്നില്ല- ബിജെപി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.