അഗർത്തല: ത്രിപുരയിൽ സിപിഎമ്മുമായുള്ള സീറ്റ് ധാരണ ലംഘിച്ച് പതിമൂന്നിന് പകരം 17 സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി താരപ്രചാരകരുടെ പട്ടികയും പാർട്ടി പുറത്തുവിട്ടു. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, അധീർ രഞ്ജൻ ചൗധരി, പ്രിയങ്ക ഗാന്ധി, ഭൂപേഷ് ബാഗേൽ, അശോക് ഗെഹ്‌ലോട്ട്, സച്ചിൻ പൈലറ്റ് തുടങ്ങിയവരാണ് പട്ടികയിലുള്ളത്.
സിപിഐഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി 60 നിയമസഭാ സീറ്റുകളിൽ 47 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. 47 സീറ്റുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 43 സീറ്റുകളിൽ മത്സരിക്കും.
ഇന്ന് വൈകിട്ട് ഡൽഹിയിൽ നിന്ന് പുറത്തുവിട്ട പട്ടികയിൽ ഇടത് പാർട്ടികൾ നേരത്തെ മത്സരാർഥികളെ തീരുമാനിച്ച നാല് മണ്ഡലങ്ങളിലേക്ക് കൂടി കോൺഗ്രസ് സ്വന്തം നിലയ്ക്ക് സ്ഥാനാർഥികളെ നിശ്ചയിച്ചു. ഇതോടെ ബർജല, മജിലിഷ്പൂർ, പബിയാഛേര, രാധാകിഷോർപൂർ എന്നീ മണ്ഡലങ്ങളിൽ മുന്നണിക്ക് രണ്ട് സ്ഥാനാർഥികളായി. കോൺഗ്രസിന് അനുവദിച്ച പേചർഥാൽ സീറ്റിൽ പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
തർക്കം രമ്യമായി പരിഹരിക്കുമെന്നും തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും സിപിഎം വൃത്തങ്ങൾ അറിയിച്ചു. 2019 തെരഞ്ഞെടുപ്പിൽ 56 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായിരുന്നില്ല. സിപിഎം 21 മണ്ഡലങ്ങളിൽ വിജയിച്ചിരുന്നു.