നദികളാലും തീരങ്ങളാലും സമ്പന്നമായ കേരളത്തിൽ ജലഗതാഗതത്തിന്‍റെ അനന്തമായ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇതിന്‍റെ ഭാഗമായാണ് കോവളം മുതൽ ബേക്കൽ വരെയുള്ള 616 കിലോമീറ്റർ ജലപാതയുടെ വികസനം പുരോഗമിക്കുന്നത്. ജലപാതയുടെ വികസനം കേരളത്തിന്റെ വികസനത്തിൽ നിർണ്ണായകമാകുമെന്നും മന്ത്രി പറഞ്ഞു.
ബോട്ട്, മറൈൻ വ്യവസായ രംഗത്തെ വ്യാവസായിക പ്രദർശനമായ ഇന്ത്യാ ബോട്ട് ആൻഡ് മറൈൻ ഷോയുടെ അഞ്ചാമത് എഡിഷൻ കൊച്ചി മറൈൻ ഡ്രൈവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജലപാത തുറന്നു കൊടുക്കുന്നതിനായി കായലുകളുടെ ഡ്രെഡ്ജിംഗ് അതിവേഗം പുരോഗമിക്കുകയാണ്. രണ്ടു വർഷത്തിനകം പദ്ധതി യാഥാർഥ്യമാകും. വിനോദ സഞ്ചാരം, ജലഗതാഗതം എന്നീ മേഖലകളിൽ വലിയ വികസനം ഇതോടെ സാധ്യമാകും. കേരളത്തിൽ മറ്റൊരു ഹൈവേ നിർമ്മിക്കുന്നതിനേക്കാൾ ലാഭകരമാണ് ജലപാതയുടെ വികസനം. റോഡ് ഗതാഗതത്തിന്റെ മൂന്നിലൊന്ന് ജലപാതയിലേക്ക് മാറുകയും അതുവഴി ഗതാഗതക്കുരുക്കും അപകടങ്ങളും കുറയ്ക്കാനും കഴിയും.
പെട്രോൾ, ഡീസൽ തുടങ്ങിയവ ജലമാർഗം കൊണ്ടുപോയാൽ റോഡിലൂടെ ഇവ കൊണ്ടുപോകുന്നതിന്റെ അപകട സാധ്യത കുറയും. അന്തരീക്ഷ മലിനീകരണമില്ലാതെ, അപകട ഭീഷണിയില്ലാതെ സഞ്ചാരികൾക്ക് കേരളത്തിന്‍റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെ സഞ്ചരിക്കാം. ജലപാതയുടെ വശങ്ങളിൽബോട്ട് നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നവർക്കും നിരവധി അവസരങ്ങൾ ലഭ്യമാകും. ജലഗതാഗത വകുപ്പ് കൂടുതൽ ബോട്ടുകൾ ഇറക്കും. ഇന്ത്യയിലെ മറ്റു തീരങ്ങളിലേക്കുള്ള ക്രൂസ് ബോട്ടുകൾ ടൂറിസം രംഗത്തിന് വലിയ കുതിപ്പാകുമെന്നും മന്ത്രി പറഞ്ഞു.
29 വരെയാണ് ബോട്ട് ആൻഡ് മറൈൻ ബോട്ട് ഷോ നടക്കുന്നത്. ബോട്ട്, മറൈൻ രംഗത്തെ 65 എക്സിബിറ്റർമാരും 100 സ്റ്റാളുകളുമാണ് ഷോയിലുള്ളത്. വ്യവസായ വകുപ്പ്, കെ.എം.ആർ.എൽ, കേരള ടൂറിസം, ഡി ടി പി സി, കുഫോസ് തുടങ്ങിയവയുടെ പിന്തുണയോടെയാണ് പ്രദർശനം. ബോട്ട് യാഡുകൾ, ഉപകരണ നിർമ്മാതാക്കൾ തുടങ്ങിയ ചെറുകിട-ഇടത്തരം യൂണിറ്റുകളെ പങ്കെടുപ്പിച്ചുള്ള ഇൻഡസ്ട്രി പവലിയനും ഈ രംഗത്തെ സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ പങ്കെടുക്കുന്ന കേരള സ്റ്റാർട്ട് അപ്പ് മിഷന്‍റെ പവിലിയനുമുണ്ട്.