ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വീണ്ടും കൂപ്പുകുത്തി. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ലക്ഷം കോടിയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പ് ഒറ്റ ദിവസം നേരിട്ടത്. ലിസ്റ്റ് ചെയ്ത എല്ലാ ഓഹരികളും നഷ്ടം നേരിടുകയാണ്. ഇന്ന് നേരിട്ടത് 20 ശതമാനത്തോളം ഇടിവാണ്.
ഇന്ത്യൻ ഓഹരി വിപണിയിൽ ഇത് വൻ പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്. മുംബൈ,ദേശീയ ഓഹരി സൂചികകളിലും ഇത് പ്രതിഫലിച്ചു. സെൻസെക്‌സ് 578.19 പോയിന്റും നിഫ്റ്റി 144 പോയിന്റും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളും നഷ്ടത്തിലാണ്. അദാനി ട്രാൻസ്മിഷൻ ഓഹരികൾ 19.2 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 19.1 ശതമാനവും ഇടിഞ്ഞു. 2020 മാർച്ചിനുശേഷമുള്ള എറ്റവും വലിയ ഇടിവാണ് ഇത്. അതേസമയം, അദാനി എന്‍റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഇഷ്യു (എഫ്പിഒ) ആരംഭിച്ചു.
റിപ്പോർട്ടു പുറത്തുവന്നതിനു പിന്നാലെ, ബുധനാഴ്ച ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളുടെയും കൂടി മൂല്യത്തിൽ ഇന്നലെ ഏതാണ്ട് 90,000 കോടി രൂപയുടെ കുറവുണ്ടായിരുന്നു. അദാനി കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ചുവച്ച തുകയിലാണ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നാണ് ഹിൻഡൻബർഗിന്റെ ആരോപണം. 12,000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10,000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും 2 വർഷമെടുത്തു തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് പറയുന്നു.
റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. വസ്തുതകൾക്കായി ഗവേഷണ സ്ഥാപനം തങ്ങളെ സമീപിച്ചിട്ടില്ല. ഉന്നയിക്കുന്ന പല ആരോപണങ്ങളും കോടതികൾ അടക്കം തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. 27ന് അദാനി എന്റർപ്രൈസസിന്റെ എഫ്പിഒ തുടങ്ങാനിരിക്കെ പുറത്തുവിട്ട റിപ്പോർട്ട് സ്ഥാപനത്തിന്റെ സൽപ്പേരിനെ കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നും അദാനി ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ജുഗേഷിന്ദർ സിങ് പറഞ്ഞു. റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
എന്നാൽ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായി ഹിൻഡൻബർഗ് വ്യക്തമാക്കി. അദാനി ഗ്രൂപ്പിന് പരാതി ഫയൽ നൽകാമെന്നും ഹിഡൻബർഗ് അറിയിച്ചു.
റിപ്പോര്‍ട്ടിലുന്നയിച്ച 88 ചോദ്യങ്ങള്‍ക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന്നും ഏതു നടപടിയും നേരിടാന്‍ തയാറാണെന്നും ഹിൻഡൻബർഗ് വക്താക്കള്‍ വ്യക്തമാക്കി.