മുംബൈ : ഓഹരി വിപണിയിൽ അദാനി എന്റർപ്രൈസസിന് കനത്ത തിരിച്ചടി. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും ഇന്നലെയും ഇന്നുമായി കനത്ത ഇടിവാണ് നേരിടുന്നത്. ഗ്രൂപ്പ് ഓഹരികൾ 20 ശതമാനമാണ് ഇടിഞ്ഞത്. തുടർഓഹരി സമാഹരണം തുടങ്ങാനിരിക്കെയാണ് അദാനി ഗ്രൂപ്പ് വൻ ഇടിവ് നേരിടുന്നത്.
ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ആഭ്യന്തര വിപണിയിൽ സെൻസെക്സ് 600 പോയിന്റാണ് ഇടിഞ്ഞത്. 59,600 പോയിന്റിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റിയിലും 600 പോയിന്റ് ഇടിവുണ്ടായിട്ടുണ്ട്.
അതേസമയം, ഓഹരി വിപണിയിലെ തിരിച്ചടിക്കിടെ അദാനി എന്റെർപ്രൈസസിന്റെ തുടർ ഓഹരി സമാഹരണം ഇന്ന് തുടങ്ങും. രാജ്യത്തെ ഏറ്റവും വലിയ തുടർ ഓഹരി സമാഹരണമാണിത്. കടം തിരിച്ചടവിനും മറ്റു ചിലവുകൾക്കുമായി ഇരുപതിനായിരം കോടി രൂപയാണ് ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ ചൊവ്വാഴ്ച വരെയാണ് നിക്ഷേപകർക്ക് അപേക്ഷിക്കാനുള്ള സമയം.
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിപണി ഇന്ന് വ്യാപാരം പുനരാരംഭിക്കുന്നത്.ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം ഇടിഞ്ഞിരുന്നു. ഇന്ന് അതിന്റെ തുടർച്ചയുണ്ടാകുമോ എന്നും സാമ്പത്തിക ലോകം ഉറ്റുനോക്കുകയാണ്.
രണ്ട് വർഷം നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ തങ്ങൾ കണ്ടെത്തിയ കാര്യങ്ങളാണ് റിപ്പോർട്ടായി നൽകിയിരിക്കുന്നത് എന്നായിരുന്നു ഹിൻഡൻബർഗിന്റെ വാദം. കണക്കുകൾ പെരുപ്പിച്ച് കാട്ടിയതിന് വിശദീകരണം നൽകാൻ 21 ചോദ്യങ്ങളും ഹിൻഡൻബർഗ് ഉയർത്തിക്കാട്ടിയിരുന്നു. ഇതിന് ഒന്നിന് പോലും അദാനി ഗ്രൂപ്പിന് വ്യക്തമായ മറുപടി നൽകാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഹിൻഡൻബർഗ് ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടി. ആരോപണത്തിൽ ഉറച്ചുനിൽക്കുന്നെന്നും അദാനി ഗ്രൂപ്പിന് പരാതി ഫയൽ നൽകാമെന്നും ഹിഡൻബർഗ് അറിയിച്ചു. നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അദാനിഗ്രൂപ്പിന്റെ പ്രതികരണം.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമാണ് ഹിൻഡൻബർഗ്. ഫോർബ്സ് മാസികയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ നാലാമത്തെ സമ്പന്നനാണ് ഗൗതം അദാനി. അദാനി ഗ്രൂപ്പ് മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലൂടെ എങ്ങനെയാണ് ഓഫ്ഷോർ എന്റിറ്റികളെ ഉപയോഗിച്ചതെന്ന് ജനുവരി 24 ൽ പുറത്തിറങ്ങിയ റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. ഗ്രൂപ്പിന് കടബാധ്യത വളരെയധികമുണ്ടെന്നും റിപ്പോർട്ട് ആരോപിച്ചിരുന്നു.