ഇടുക്കി: പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം. ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ റേഷൻ കട തകർത്തു. കെട്ടിടം പൂർണമായും തകർന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങുന്നത്.
അരിക്കൊമ്പന്‍റെ നിരന്തര ആക്രമണത്തെ തുടർന്ന് കടയിൽ ഉണ്ടായിരുന്ന റേഷൻ സാധങ്ങൾ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. അതിനാൽ റേഷൻ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകർക്കുന്നത്.കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാലാമത്തെ തവണയാണ് ഇവിടെ ആന ഇറങ്ങുന്നത്. അരിക്കൊമ്പന് പുറമേ പത്തോളം ആനകള്‍ പ്രദേശത്ത് ഇറങ്ങിയിട്ടുണ്ട്.
ബി എൽ റാമിൽ കാട്ടാന അക്രമണമുണ്ടായി. ഒരു വീട് ഭാഗികമായി തകർത്തു. കുന്നത്ത് ബെന്നിയുടെ വീടാണ് വെളുപ്പിന് രണ്ടു മണിക്ക് ഒറ്റയാൻ തകർത്തത്. ബെന്നിയു ഭാര്യയും തലനാരിഴക്ക് രക്ഷപ്പെട്ടു. അരിക്കൊമ്പനാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശബ്ദം കേട്ട് എത്തിയ പ്രദേശവാസികൾ ഒച്ച വെച്ചാണ് ആനയെ ഓടിച്ചത്. പരിക്കേറ്റ ബെന്നി രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്.
സംഭവത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. ഭീതി വിതക്കുന്ന അഞ്ചോളം ആനകളെ പ്രദേശത്തെ നിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അരിക്കൊമ്പൻ ഇത് വരെ പതിനൊന്ന് പേരെ കൊലപ്പെടുത്തിയിട്ടുണ്ട്.