ആലപ്പുഴ: കരുനാഗപ്പള്ളിയിലെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ തനിക്കെതിരെ നീക്കം നടക്കുന്നതായി കേസില്‍ ആരോപണ വിധേയനായ എ.ഷാനവാസിന്റെ കത്ത്. മുൻമന്ത്രി ജി.സുധാകരന്‍, ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍, പി.പി.ചിത്തരഞ്ജന്‍ എംഎൽഎ എന്നിവര്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് ഷാനവാസ് ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിക്ക് നല്‍കിയ കത്തിലെ ആരോപണം.
ജി സുധാകരനും ജില്ലാ സെക്രട്ടറി ആർ നാസറും വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്ന് വിമർശനം. പല സ്ഥലങ്ങളിലും രഹസ്യ യോഗങ്ങൾ ചേരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. വിമർശനം ഉയർന്ന നോർത്ത് ഏരിയ കമ്മിറ്റിയുടെ മിനുട്സ് ഹാജരാക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു.
ജില്ലയിലെ പാർട്ടികകത്ത് വിഭാഗിയത രൂക്ഷമായതിനിടയിൽ കഴിഞ്ഞ ദിവസം നോർത്ത് ഏരിയ കമ്മിറ്റി യോഗം ചേർന്നിരുന്നു. യോഗത്തിൽ ആർ നാസറിന്‍റെ നേതൃത്വത്തിൽ ജില്ലയിൽ മൂന്നിടങ്ങളിൽ രഹസ്യയോഗം ചേർന്നെന്നും ഷാനവാസിനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങളും ഉയർന്നിരുന്നു.
ബംഗളൂരുവിൽ നടന്ന സിഐടിയു ദേശീയ സമ്മേളനത്തിനിടെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് രഹസ്യയോഗം ചേർന്നെന്നും ആരോപണമുണ്ട്. സമ്മേളന പ്രതിനിധി അല്ലാത്ത സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം യോഗത്തിൽ പങ്കെടുത്തെന്നും ആക്ഷേപമുണ്ട്.