പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെൻററി ഡൽഹി അംബേദ്കർ സർവ്വകലാശാല,ഡൽഹി സർവകലാശാല എന്നിവിടങ്ങളിൽ ഇന്ന് പ്രദർശിപ്പിക്കും.വ്യാഴാഴ്ച വൈകുന്നേരം കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിൽ എസ്എഫ്ഐ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. പൊലീസോ സർക്കാരോ ക്യാമ്പസിലെ പ്രദർശനം തടയാൻ ശ്രമിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.
എസ്എഫ്‌ഐ ഹൈദരാബാദ് സർവകലാശാലയിലും ഡോക്യുമെന്ററിയുടെ പ്രദർശനം സംഘടിപ്പിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം, അവിടെ ആർഎസ്‌എസിന്റെ വിദ്യാർത്ഥി വിഭാഗമായ എബിവിപി വിവേക് അഗ്നിഹോത്രിയുടെ വിവാദ ചിത്രമായ ‘ദ കശ്മീർ ഫയൽസ്’ ആണ് പ്രദർശിപ്പിച്ചത്.
ജെ.എൻ.യുവിൽ പ്രദർശനത്തിനിടെ എബിവിപി നടത്തിയ ആക്രമണത്തിനെതിരെ വിദ്യാർത്ഥി യൂണിയൻ ഇന്നലെ രാത്രി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ജെ.എൻ.യുവിലെയും ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിയിലെയും വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷൻ (എഐഎസ്എ) ഇന്ന് അംബേദ്കർ സർവകലാശാലയിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.