മുംബൈ: അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നതായി യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ്. റിപ്പോര്‍ട്ടിലുന്നയിച്ച 88 ചോദ്യങ്ങള്‍ക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന്നും ഏതു നടപടിയും നേരിടാന്‍ തയാറാണെന്നും അവർ വ്യക്തമാക്കി.
അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് ഹിൻഡൻബർഗ് റിസർച്ചിന്‍റെ പ്രധാന കണ്ടെത്തൽ. ഈ ഓഹരികൾ വച്ച് വൻ തുക വായ്പ എടുത്തെന്നും അദാനി കുടുംബത്തിന് വിദേശത്ത് ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. 12,000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10,000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും 2 വർഷമെടുത്തു തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് പറയുന്നു.
ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്. ഒറ്റ ദിവസം ഏതാണ്ട് എഴുപത്തിനാലായിരം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ നിന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ച് തുടങ്ങിയപ്പോൾ തന്നെ അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. റിപ്പോർട്ട് നുണയെന്ന് വാദിച്ചെങ്കിലും ഇന്നലത്തെ വീഴ്ചയെ അതിന് തടയാനായില്ല. ഇന്ന് രണ്ടാമതൊരു വാർത്താക്കുറിപ്പിറക്കിയപ്പോൾ അത് ഹിൻഡൻബർഗ് റിസർച്ചിനുള്ള മുന്നറിയിപ്പാണ്. നിയമ നടപടി ഉറപ്പെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. ഓഹരി വിപണിയിൽ നിന്ന് 20000 കോടി രൂപ സമാഹരിക്കാനായി അദാനി എന്‍റെർപ്രസസിന്‍റെ FPO നാളെ നടക്കാൻ പോവുന്നു. ഇത് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്. അനാവശ്യഭീതി നിക്ഷേപകരിലാകെ റിപ്പോർട്ട് ഉണ്ടാക്കി.വിദേശ ഇടപെടൽ അനുവദിച്ച് കൊടുക്കാനാകില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.