മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിയമസഭ തെരഞ്ഞെടുപ്പിലെ തപാല്‍ ബാലറ്റുകള്‍ കാണാതായ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസ്. കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പെരിന്തല്‍മണ്ണ പൊലീസ് കേസ് അന്വേഷിക്കും.
സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ എൻ. സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്‍റ് എസ്. രാജീവ്, സഹകരണ ജോ. രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ സി എൻ പ്രതീഷ്, നിലവിൽ തിരുവനന്തപുരത്ത് ജോ. രജിസ്ട്രാറായ എസ് പ്രബിത്ത് എന്നിവർക്കായിരുന്നു ഒരാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ്. ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം നോട്ടീസിന് മറുപടി നൽകി.
അബദ്ധത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പെട്ടിയുമായി നിയമസഭാ മണ്ഡലത്തിലെ ബാലറ്റ് മാറിപ്പോയെന്നാണ് നോട്ടീസിന് മറുപടി നൽകിയ ഉദ്യോഗസ്ഥരുടെ വിശദീകരണമെന്നാണ് സൂചന. ജില്ലാകലക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടും ഉദ്യോഗസ്ഥരുടെ വിശദീകരണവും ഉൾപ്പെടുത്തിയാണ് അന്തിമ റിപ്പോർട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുക. ഇതിന് ശേഷമാകും സംഭവത്തിൽ തുടർനടപടികൾ.
















