വെസ്റ്റ്ബാങ്ക്: വെസ്റ്റ് ബാങ്കിൽ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ വൃദ്ധ ഉൾപ്പെടെ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്.
അക്രമികളെ പിടിക്കാനുള്ള നീക്കത്തിനിടെ മൂന്നുപേർ സൈന്യത്തിനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു ഇവർ. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന നിരവധി സ്ഫോടക വസ്തുക്കളും നിർവീര്യമാക്കി. ഇസ്രയേലിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതിയായിരുന്നു ഇവർക്കെന്ന് ഇസ്രയേൽ അറിയിച്ചു. പലസ്തീൻ ഇസ്‌ലാമിക് ജിഹാദ് സംഘത്തിൽപ്പെട്ടവരെയാണ് വധിച്ചതെന്നും ഇസ്രയേൽ അറിയിച്ചു.
മഗ്ദ ഉബൈദ് എന്ന വൃദ്ധയാണ് കൊല്ലപ്പെട്ടതെന്ന് ജെനിൻ ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. വൃദ്ധ കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ തങ്ങളുടെ പോരാളികളിൽ ഒരാളായ ഇസ്സുദ്ദീൻ സലാഹത്തും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഫലസ്തീൻ രാഷ്ട്രീയ പാർട്ടിയായ ഫതഹിന്റെ സായുധ വിഭാഗമായ അൽ അഖ്‌സ ബ്രിഗേഡ് അറിയിച്ചു. വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 24 കാരനായ സായിബ് അസ്‌രീഖിയെന്ന യുവാവും മരണത്തിന് കീഴടങ്ങിയതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിരവധിപേർക്ക് പരിക്കേറ്റതിനാൽ ആശുപത്രിയിലെ സ്ഥിതി വളരെ ഗുരുതരമാണെന്നും ആംബുലൻസുകളും മെഡിക്കൽ സംവിധാനങ്ങളും ആശുപത്രിയിലെത്തുന്നതിന് ഇസ്രായേൽ സൈന്യം തടസം സൃഷ്ടിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം ആരോപിച്ചു.
രാജ്യാന്തര നിശബ്ദതയുടെ പിന്തുണയോടെയാണ് കൂട്ടക്കൊല നടക്കുന്നതെന്ന് പലസ്തീൻ പ്രസിഡന്റിന്റെ വക്താവ് നബീൽ അബു റുദെയ്നെ പറഞ്ഞു. വെസ്റ്റ് ബാങ്കിൽ സാധാരണക്കാരുൾപ്പെടെ 29 പേരാണ് ഈ വർഷം കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.