തിരുവനന്തപുരം: സിനിമ സംവിധായിക നയന സൂര്യയുടെ മരണത്തിനു പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത വസ്തുകൾ കണ്ടെത്തി. ബെഡ് ഷീറ്റും തലയണയും വസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. നേരത്തെ ഇവ കാണാതായത് വലിയ വിവാദമായിരുന്നു.
മ്യൂസിയം പോലീസ് സ്റ്റേഷനിലെ സാധനങ്ങൾ കൂട്ടിയിട്ടിരുന്നിടത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. നയനയുടെ മൃതദേഹത്തിൽ നിന്നുമെടുത്ത വസ്ത്രങ്ങൾ ഇപ്പോഴും കണ്ടെത്തിയില്ല.
കേസന്വേഷണം അട്ടിമറിച്ചെന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ആരോപണങ്ങൾക്ക് ബലം പകരുന്നതായിരുന്നു തൊണ്ടിമുതലുകളുടെ അപ്രത്യക്ഷമാകൽ. കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിർദേശപ്രകാരമാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ പ്രത്യേക പരിശോധന നടത്തിയത്. തുടർന്ന് സ്റ്റേഷനിലെ അലമാരയിൽ നിന്നും തൊണ്ടിമുതലുകൾ കണ്ടെത്തുകയായിരുന്നു. നയനയുടെ ചുരിദാർ, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവയാണ് കാണാതായത്. ഇവ ആര്‍ഡിഒ കോടതി മ്യൂസിയം പോലീസിനെ സൂക്ഷിക്കാൻ കൈമാറിയതായിരുന്നു.
കണ്ടെടുത്ത തൊണ്ടിമുതലുകൾ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി. മരണം പുനഃരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നയനയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴികൾ രേഖപ്പെടുത്തുകയാണ്. ആദ്യഘട്ട കേസന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
2019 ഫെബ്രുവരി 23 ന് രാത്രിയാണ് തിരുവനന്തപുരം ആൽത്തറ ജംഗ്ഷനിലെ വാടക വീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത കൂടിയത്. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് ഡിസിആർബി അസി.കമ്മീഷണറുടെ പരിശോധനയിലും കണ്ടെത്തിയിരുന്നു.
യുവ സംവിധായക നയന സൂര്യയുടെ മരണം സംബന്ധിച്ച് ആദ്യം അന്വേഷിച്ച സംഘത്തിന്‍റെ വീഴ്ചകൾ പുതിയ അന്വേഷണ സംഘം നേരത്തെ അക്കമിട്ട് പറഞ്ഞിരുന്നു. നയന ഉൾപ്പെടെ അഞ്ച് പേരുടെ ഫോൺ വിശദാംശങ്ങൾ മാത്രമാണ് അന്വേഷണ സംഘം എടുത്തത്. വിശദമായ അന്വേഷണം നടത്തിയില്ല. ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കുറിച്ചും അന്വേഷണമുണ്ടായില്ല. ഇവരുടെ കോൾ വിശദാംശങ്ങള്‍ ശേഖരിച്ചില്ലെന്നും മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമര്‍ശിച്ചിരുന്നു.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്. ലെനിൻ രാജേന്ദ്രന്റെ മകര മഞ്ഞ് എന്ന സിനിമയിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടറായി അരങ്ങേറ്റം കുറിച്ചത്. നിരവധി പരസ്യ ചിത്രങ്ങളും സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ക്രോസ്സ് റോഡ് എന്ന ചിത്രത്തിന്റെ ഒരു ഭാഗവും സംവിധാനം ചെയ്തിട്ടുണ്ട്.