കോഴിക്കോട്: ബിബിസി ഡോക്യുമെന്‍ററിക്കെതിരായ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകനും, കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്‍റണി. രാജ്യത്തിൻ്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം തന്നെയാണ് ബിബിസിയുടേത് അനില്‍ ആന്‍റണി ആവര്‍ത്തിച്ചു. ബി.ബി.സിയെക്കാൾ രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്ന് അനിൽ പറഞ്ഞു.
അതേസമയം ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച അനിൽ ആന്റണിയെ കോൺഗ്രസും യൂത്ത് കോൺഗ്രസും തള്ളി. ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. സംസ്ഥാനത്ത് ബി.ബി.സി ഡോക്യുമെന്ററി കെ.പി.സി.സി പ്രദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനിൽ ആന്‍റണിയുടെ പരാമർശത്തിൽ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിന്റ് റിജിൽ മാക്കുറ്റി ആവശ്യപ്പെട്ടിരുന്നു. കെപിസിസി സോഷ്യൽ മീഡിയ കോഡിനേറ്റർ സ്ഥാനത്ത് നിന്ന് അനിൽ ആന്‍റണിയെ നീക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലും ആവശ്യപ്പെട്ടിരുന്നു.