ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന “ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് തടയാനായി ഡൽഹി ജവർഹലാൽ നെഹ്റു സർവകലാശാല അധികൃതർ ക്യാന്പസിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. തുടര്‍ന്ന് പ്രദര്‍ശനം ലാപ്ടോപ്പിലും മൊബൈലിലും ആക്കി.
രാത്രി ഒമ്പതിന് ക്യാമ്പസിലെ കമ്യൂണിറ്റി സെന്ററിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നാണ് കോളജ് യൂണിയൻ അറിയിച്ചിരുന്നത്. എന്നാൽ ഇതിന് മുന്‍പായി അധികൃതർ മേഖലയിലെ വൈദ്യുതി വിച്ഛേദിച്ചു.
വൈദ്യുതി ലഭ്യമാകാതിരുന്നതോടെ ജനറേറ്റർ ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങൾ തേടുമെന്ന് വിദ്യാർഥികൾ അറിയിച്ചു. പ്രദർശനം തടസപ്പെടില്ലെന്നും എന്ത് സംഭവിച്ചാലും ഡോക്യുമെന്ററി ക്യാമ്പസിൽ കാണിക്കുമെന്നും വിദ്യാർഥി നേതാവ് ഐഷി ഘോഷ് അറിയിച്ചു.
പ്രദർശനം നിശ്ചയിച്ചിരുന്ന കമ്യൂണിറ്റി സെന്ററിൽ മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. കനത്ത പരിശോധനയ്ക്കുശേഷമാണ് സർവകലാശാലയിലേക്ക് ആളുകളെ കയറ്റിവിടുന്നത്. എന്നാൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ അധികൃതർ വിസമ്മതിച്ചതിനെത്തുടർന്ന് വിദ്യാർഥികൾ കൂട്ടമായി ഇരുന്ന് മൊബൈൽ ഫോണുകളിൽ ഡോക്യുമെന്ററി കണ്ടു.
നേരത്തേ, ജെഎൻയുവിൽ പ്രദർശിപ്പിക്കുന്നതിന് സർവകലാശാലയുടെ അനുമതി ലഭിച്ചിരുന്നില്ല. പ്രദർശനം നടത്തിയാൽ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.
“2023 ജനുവരി 24ന് രാത്രി 9 മണിക്ക് ‘ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഒരു കൂട്ടം വിദ്യാർഥികൾ ജെ.എന്‍.യു.എസ്.യുവിന്‍റെ പേരിൽ ഒരു ലഘുലേഖ പുറത്തിറക്കിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ പരിപാടിക്ക് ജെ.എൻ.യു അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ല. ഇത്തരമൊരു അനധികൃത പ്രവർത്തനം യൂണിവേഴ്സിറ്റി കാമ്പസിന്റെ സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തും. വിദ്യാര്‍ഥികള്‍ എത്രയും പെട്ടെന്ന് പരിപാടി റദ്ദാക്കണം. അല്ലെങ്കില്‍ യൂണിവേഴ്സിറ്റി നിയമ പ്രകാരം അച്ചടക്ക നടപടി നേരിടേണ്ടിവരും”- എന്നാണ് രജിസ്ട്രാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.