കണ്ണൂർ: ബി.ബി.സി ഡോക്യുമെന്ററി സംബന്ധിച്ച് പാർട്ടി നിലപാടിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ അനിൽ ആന്റണിയെ പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. മൂക്കാതെ പഴുക്കുന്ന നേതാക്കൻമാരുടെ മക്കൾ പാർട്ടിക്ക് ഏൽപ്പിക്കുന്ന പരിക്ക് ചെറുതല്ല. പാർട്ടിയിൽ വരുമ്പോൾ തന്നെ കൊടുക്കുന്ന പ്രിവിലേജ് കൊണ്ടാണ് പാർട്ടിയെ വെല്ലുവിളിക്കാൻ തയ്യാറാകുന്നതെന്നും റിജിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മൂക്കാതെ പഴുക്കുന്ന നേതാക്കൻമാരുടെ മക്കൾ പാർട്ടിക്ക് എൽപ്പിക്കുന്ന പരിക്ക് ചെറുതല്ല. അനിൽ ആൻ്റണി കോൺഗ്രസ്സ് പാർട്ടിയിമുമായി ഒരു ബന്ധവും ഇല്ല എന്ന് പറഞ്ഞിട്ട് വേണം അഭിപ്രായങ്ങൾ പറയാൻ. പാർട്ടി അനിൽ ആൻറണിയെ പുറത്താക്കണം. പാർട്ടിയിൽ വരുമ്പോൾ തന്നെ ഇവർക്കൊക്കെ കൊടുക്കുന്ന പ്രിവിലേജ് ആണ് പാർട്ടിയെ വെല്ലുവിളിക്കാൻ ഇവനൊക്കെ തയ്യാറാകുന്നത്. അൽപ്പം വെയിലും മഴയും ഒക്കെ കൊള്ളാത്തതിൻ്റെ സൂക്കേടാണ്. അതാണ് പാർട്ടിയെ ഇവനൊക്കെ പ്രതിരോധത്തിലാക്കുന്നത്.
ഗുജറാത്തിലെ കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെൻ്ററിക്കെതിരെ മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ മകനും, കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്‍റണി ഇന്ന് ട്വീറ്റ് ചെയ്തിരുന്നു. ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നും, ഇറാഖ് യുദ്ധത്തിന്‍റെ തലച്ചോറായിരുന്നു മുന്‍ യുകെ വിദേശകാര്യസെക്രട്ടറി ജാക് സ്ട്രോയെന്നും അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തിരുന്നു.