തൃശൂർ: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിക്കെതിരെ എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി നടത്തിയ പ്രസ്താവന തള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിൽ.
യൂത്ത് കോൺഗ്രസിന്റെ അഭിപ്രായം പറയേണ്ടത് പ്രസിഡന്റായ താനാണെന്നും മറ്റാരും പറയുന്നത് ഔദ്യോഗിക നിലപാടല്ലെന്നും ഡോക്യുമെന്ററി പ്രദർശനത്തിന് ശേഷം ഷാഫി വ്യക്തമാക്കി. ആരുടെയും വ്യക്തിപരമായ അഭിപ്രായം സംഘടനയുടെ പൊതുവായ അഭിപ്രായമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം തടയാൻ നരേന്ദ്ര മോദിയും സംഘപരിവാറും ശ്രമിക്കുന്നത് ഇവർക്ക് സത്യത്തെ ഭയമായതിനാലാണെന്നും ഷാഫി വ്യക്തമാക്കി.
നേരത്തെ, ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നു കയറ്റമാണ് ഡോക്യുമെന്ററിയെന്നും ബിബിസി മുൻവിധിയുള്ള ചാനലെന്നും അനിൽ ട്വിറ്ററിൽ കുറിച്ചിരുന്നു.
”ബി.ജെ.പിയുമായി വലിയ അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും നിരവധി മുൻവിധികളുള്ള യു.കെ സ്‌പോൺസേർഡ് ചാനലായ ബി.ബി.സിയുടെയും ഇറാഖ് യുദ്ധത്തിന്റെ തലച്ചോറായ ജാക്ക് സ്‌ട്രോയുടെയും കാഴ്ചപ്പാടുകൾക്ക് ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ മുൻതൂക്കം കൽപിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് നമ്മുടെ പരമാധികാരത്തെ ബാധിക്കും”-അനിൽ ട്വീറ്റ് ചെയ്തു.
അതേസമയം, കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിങ് കൺവീനറായ അനിൽ കെ. ആന്റണിയുടെ സോഷ്യൽ മീഡിയ പേജുകളിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെക്കുറിച്ച് ഒരു പോസ്റ്റ് പോലുമില്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ ഏഴിനാണ് കന്യാകുമാരിയിൽനിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ജനുവരി 30ന് ജമ്മു കശ്മീരിൽ സമാപിക്കും. യാത്ര അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും അതിനെക്കുറിച്ച് ഒരു പോസ്റ്റ് പോലും ഡിജിറ്റൽ മീഡിയ തലവന്റെ സോഷ്യൽ മീഡിയ പേജുകളിലില്ല.